തമിഴ്‌നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ തീക്കനലിന് മുകളിലൂടെ ഓടുന്ന ആചാരത്തിനിടെ കാല് തെറ്റി വീണ് 56കാരന് ദാരുണാന്ത്യം. രാമനാഥപുരം ജില്ലയിലെ കുയവൻകുടിയിലെ സുബ്ബയ്യ ക്ഷേത്രോത്സവത്തിലെ അഗ്നിയോട്ട ചടങ്ങിനിടെയാണ് സംഭവം നടന്നത്. വലന്തരവൈ സ്വദേശിയായ കേശവൻ ആണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്

'തീമിധി തിരുവിഴ' എന്നാണ് കനലിലൂടെ ഓടുന്ന ആചാരം അറിയപ്പെടുന്നത്. സുബ്ബയ്യ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 10 മുതലാണ് ഈ ആചാരം നടത്തപ്പെടുന്നത്. ഒരു കുഴിയില്‍ കത്തുന്ന തീക്കനൽ നിറച്ച് അതിന് മുകളിലൂടെ നഗ്നപാദനായി വേ​ഗത്തിൽ നടക്കുകയോ ഓടുകയോ ചെയ്യുന്നതാണ് ആചാരം. 

നിരവധി ഭക്തർ ഇത്തരത്തിൽ കനലിന് മുകളിലൂടെ ഓടിയിരുന്നു. എന്നാൽ കേശവൻ ഓടുന്നതിനിടെ കാലിടറി വീഴുകയായിരുന്നു. കൈകള്‍ കുത്തി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേശവന്‍റെ മുഖവും കൂടി കനലില്‍ കുത്തി  വീഴുകയായിരുന്നു. രക്ഷാപ്രവർത്തകർ ഓടിയെത്തി നിമിഷങ്ങൾക്കുള്ളിൽ കേശവനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് രാമനാഥപുരം ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. 

ENGLISH SUMMARY:

A 56-year-old man died after slipping and falling during a fire-walking ritual at a temple festival in Tamil Nadu. The incident occurred at the Subbaiya Temple festival in Kuyavankudi, Ramanathapuram district. The deceased, Keshavan from Valantharavai, suffered severe burns and succumbed to his injuries.