വഖഫ് ഹര്‍ജികളില്‍ മുനമ്പമടക്കം ഭൂമി പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയാല്‍ രാജിവയ്ക്കുമെന്ന് സംയുക്ത പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍ ജഗദംപികാപാല്‍ പറഞ്ഞു. അതേസമയം വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്‍ലിംലീഗ് നല്‍കിയ കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി ക്രിസ്ത്യന്‍ സംഘടന കാസ. ബില്ലിനെ പിന്തുണച്ച് കോടതിയിലെത്തുന്ന കേരളത്തില്‍നിന്നുള്ള ആദ്യ സംഘടനയാണിത്.
വഖഫ് ഭേദഗതി നിയമം നൂറുകണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങളെ സഹായിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസില്‍ കക്ഷി ചേരാന്‍ കാസ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ഹര്‍ജികളില്‍ സുപ്രീം കോടതിയെടുക്കുന്ന ഏതുതീരുമാനവും മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് നിര്‍ണായകമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം സുപ്രീംകോടതി ഈ രീതിയിലെങ്കിലും ഇടപെട്ടത് ആശ്വാസമാണെന്ന് എം.എ.ബേബി പറഞ്ഞു. ഇടക്കാല ഉത്തരവ് ബി.ജെ.പിക്കേറ്റ പ്രഹരമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ വിരുദ്ധമോ മതസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതോ ആയ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് ജെ.പി.സി അധ്യക്ഷന്‍ ജഗദംബികാപാല്‍ പറഞ്ഞു. സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികരണം.