വിദ്യാര്‍ഥികള്‍ക്ക് മദ്യം ഒഴിച്ചുനല്‍കിയ അധ്യാപകന്‍ സസ്പെന്‍ഷനിലായി. മധ്യപ്രദേശിലെ കറ്റ്നിയിലാണ് സംഭവം. തറയിലിരുന്ന് കുട്ടികള്‍ക്ക് മദ്യം ഒഴിച്ചുനല്‍കുന്ന അധ്യാപകന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് നടപടി. നവീന്‍ പ്രതാപ് സിങ് ബാഗേല്‍ എന്ന അധ്യാപകന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്.
ഇയാള്‍ വെള്ളമടിച്ച് സ്കൂളിലെത്തിയ ശേഷം കയ്യില്‍ കരുതിയ കുപ്പിയില്‍ നിന്നും മദ്യം കുട്ടികള്‍ക്കും ഒഴിച്ചുകൊടുക്കുന്നു. ഒരു മുണ്ടും ഷര്‍ട്ടുമിട്ട് അധ്യാപകന്‍ വളരെ അലസമായി തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്നു. മുന്‍പില്‍ കുട്ടികളെയും ഇരുത്തിയിട്ടുണ്ട്. നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനു പകരം മദ്യം എങ്ങനെ കുടിക്കാം എന്ന ക്ലാസാണ് അധ്യാപകനെടുക്കുന്നത്.
ഈ സംഭവം വിഡിയോയില്‍ പകര്‍ത്തിയത് ആരെന്നറിയില്ലെങ്കിലും നിമിഷനേരംകൊണ്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിഡിയോയുടെ ആധികാരികത ഉറപ്പുവരുത്തിയതായി റിപ്പോര്‍ട്ടില്ല. വിഡിയോ വൈറലായതോടെ കുടിച്ച കെട്ടിറങ്ങുംമുന്‍പ് തന്നെ അധ്യാപകനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി കലക്ടര്‍ ഡോ.ദിലീപ് യാദവ് അറിയിച്ചു.