മരിച്ച മോഹിത് യാദവ് (ഇടത്).
ഭാര്യയുടെയും ഭാര്യ വീട്ടുകാരുടെയും പീഡനം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി. മരണശേഷവും എനിക്ക് നീതി ലഭിച്ചിട്ടില്ല എങ്കില്‍ എന്‍റെ ചിതാഭസ്മം ഓടയില്‍ ഒഴുക്കണം എന്ന് വിഡിയോയില്‍ പറഞ്ഞുവച്ചാണ് മോഹിത് യാദവ് എന്ന 33കാരന്‍ ഈ കടുംകൈ ചെയ്തത്. ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വിഡിയോയില്‍ മോഹിത് പറഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം.
ഇറ്റാവ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു ഹോട്ടലില്‍ കഴിഞ്ഞ വ്യാഴാഴ്ച മോഹിത് മുറിയെടുത്തിരുന്നു. പിറ്റേദിവസം രാവിലെ ഇയാള്‍ മുറിയൊഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കിയ ഹോട്ടല്‍ ജീവനക്കാരന്‍ മുറി തുറന്നുനോക്കി. മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ മോഹിത്തിനെ കണ്ടെത്തുകയായിരുന്നു.
സിമന്‍റ് കമ്പനിയില്‍ എന്‍ജിനീറായി ജോലി ചെയ്തുവരികയായിരുന്നു ഒറയ്യ സ്വദേശിയായ മോഹിത്. ഏഴു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2023ല്‍ പ്രിയ എന്ന യുവതിയെ മോഹിത് വിവാഹം കഴിച്ചു. രണ്ടു മാസം മുന്‍പ് പ്രിയയ്ക്ക് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ലഭിച്ചു. അതേസമയം പ്രിയ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഗര്‍ഭഛിദ്രം നടത്താന്‍ പ്രിയയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. അമ്മയുടെ വാക്കുകേട്ട് പ്രിയ ഗര്‍ഭം അലസിപ്പിച്ചു എന്ന് മോഹിത് അവസാനമായി ഫോണില്‍ ചിത്രീകരിച്ച വിഡിയോയില്‍ പറയുന്നു.
പ്രിയയുടെ സ്വര്‍ണം മുഴുവന്‍ അവളുടെ അമ്മയുടെ കയ്യിലാണ്. വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനമായി താന്‍ യാതൊന്നും ചോദിച്ചിട്ടില്ല. പക്ഷേ തനിക്കും തന്‍റെ കുടുംബത്തിനുമെതിരെ വ്യാജ സ്ത്രീധന പരാതി നല്‍കുമെന്ന് പ്രിയയും കുടുംബവും ഭീഷണിപ്പെടുത്തി. എന്‍റെ വീടും സ്വത്തുവകകളും പ്രിയയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യണം എന്നതായിരുന്നു അവരുടെ ആവശ്യം. എനിക്കെതിരെ ഭാര്യാപിതാവായ മനോജ് കുമാര്‍ വ്യാജ പരാതി നല്‍കി. എന്നെ കൊല്ലുമെന്ന് ഭാര്യാസഹോദരന്‍ ഭീഷണിപ്പെടുത്തി. ഭാര്യ എന്നും വഴക്കായിരുന്നു, അതിന് അവളുടെ വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും മോഹിത് പറയുന്നു.
അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. എനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ചിതാഭസ്മം ഓടയില്‍ ഒഴുക്കിക്കളയണം. പുരുഷന്മാര്‍ക്കു വേണ്ടി ഈ നാട്ടിലൊരു നീതിവ്യവസ്ഥയില്ലാത്തത് ഒരു പരാജയമാണ്. ഭാര്യയും വീട്ടുകാരും എന്നെ അത്രയേറെ കഷ്ടപ്പെടുത്തി. ഇനിയും എനിക്ക് സഹിക്കാന്‍ വയ്യ എന്നു കൂടി മോഹിത് പറഞ്ഞവസാനിപ്പിക്കുന്നു. ഈ വിഡിയോ സഹോദരനടക്കം ബന്ധുക്കള്‍ക്ക് അയച്ചതിനു ശേഷമാണ് മോഹിത് ജീവനൊടുക്കിയത്. മോഹിതിന്‍റെ ഭാര്യയുടെയും വീട്ടുകാരുടെയും പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.