ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങും.
ലോകരാജ്യങ്ങൾ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കും പൂർണ്ണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ആക്രമണത്തെ അപലപിക്കുകയും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തിച്ചേർന്നു. അദ്ദേഹം നിലവിൽ സുരക്ഷാ ഏജൻസി മേധാവികളുമായി ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള സാധ്യതകളാണ് ചർച്ച ചെയ്യുന്നത്.
ഭീകരാക്രമണത്തിൽ 26 പേർ ദാരുണമായി കൊല്ലപ്പെട്ടു. അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ കൊച്ചിയിലെ നേവി ഓഫീസറും ഹരിയാന സ്വദേശിയുമായ വിനയ് നർവാളും, ഹൈദരാബാദിൽ നിന്നുള്ള ഇൻ്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും ഉൾപ്പെടുന്നു. കൂടാതെ, മൂന്ന് വിദേശികളും മരിച്ചവരിൽ ഉൾപ്പെട്ടതായി സൂചനകളുണ്ട്.
പരുക്കേറ്റ 12 പേരെ അനന്ത്നാഗിലെ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, കൊച്ചി ഇടപ്പള്ളി സ്വദേശിയായ എൻ. രാമചന്ദ്രനും ഈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. അദ്ദേഹം ഇന്നലെ രാവിലെയാണ് ഭാര്യ, മകൾ, മകളുടെ രണ്ട് മക്കൾ എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം യാത്ര പോയത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണ്.