പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ആണയിടുമ്പൊഴും അക്രമിസംഘത്തിലുള്‍പ്പെട്ട മുന്നുപേര്‍ പാകിസ്ഥാനികളെന്നാണ് പുറത്തുവരുന്ന വിവരം . അക്രമങ്ങള്‍ ഒഴിഞ്ഞുനിന്ന കശ്മീരിനെ വീണ്ടും കലാപഭൂമിയാക്കാന്‍ ഭീകരസംഘടനകളും പാക് സൈന്യവും തക്കംപാര്‍ത്തിരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പാക് സൈനികമേധാവി ജനറല്‍ അസിം മുനീര്‍ നടത്തിയ പരാമര്‍ശങ്ങള്‍തന്നെ തെളിവ് . ഏപ്രില്‍ 16ന് ഇസ്‌ലാമബാദില്‍ നടന്ന പാക്കിസ്ഥാന്‍ പ്രവാസി സമ്മേളനത്തിനിടെയാണ് പ്രകോപനപരമായ പ്രസംഗം സൈനികമേധാവി നടത്തിയത്.
'കശ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാന്‍റെ നിലപാട് വ്യക്തമാണ്. കശ്മീര്‍ നമ്മുടെ ജ്യഗുലാര്‍ വെയിന്‍ (കഴുത്തിലെ സിര) ആയിരുന്നു, അത് നമ്മുടെ സിരയായിത്തന്നെ മാറും, നമ്മളത് മറക്കരുത്. കശ്മീരില്‍ പൊരുതുന്ന നമ്മുടെ സഹോദരങ്ങളുടെ വീരോചിത പോരാട്ടം മറക്കരുത്' എന്നായിരുന്നു സൈനികമേധാവിയുടെ പ്രസ്താവന. തങ്ങള്‍ വിശ്വസിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച ആശയത്തെയാണെന്നും തങ്ങളുടെ സംസ്കാരം ബൃഹത്താണെന്നും മേധാവി കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരാണെന്ന് വിശ്വസിച്ചിരുന്നെന്നും, തങ്ങളുടെ എല്ലാ വിശ്വാസവും സംസ്കാരവും പ്രതീക്ഷകളും വ്യത്യസ്തമാണെന്നും ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് വഴിതെളിച്ചതെന്നും ഈ കഥ കുട്ടികളെ കേള്‍പ്പിക്കണമെന്നും മേധാവി പറഞ്ഞു. ഈ പ്രസംഗം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പഹല്‍ഗാം കണ്ണീര്‍ താഴ്വരയായത്.
ഇതിനിടെ പോരാട്ടത്തിന് തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കണമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. രാജ്നാഥ്സിങ്ങിന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. നയതന്ത്ര കാര്യാലയം അടച്ചുപൂട്ടിയേക്കും.