രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ കൂടുതല്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭീകരാക്രണത്തിന് പിന്നാലെ ബൈസരണ്‍ താഴ്‌വരയില്‍ ഒളിച്ച സഞ്ചാരികളെ തിരഞ്ഞെത്തിയ സൈനികര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇതില്‍ അവസാനം പുറത്തുവന്നത്. സൈനികര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരെ സമീപിക്കുമ്പോള്‍ തങ്ങളെ നിമിഷങ്ങള്‍ക്ക് മുന്‍പ് ആക്രമിച്ച ഭീകരരാണ് സൈനികര്‍ എന്ന് തെറ്റിധരിച്ച് ' കൊല്ലരുതേ' എന്ന് പറഞ്ഞ് ഉറക്കെ കരയുന്ന ഒരമ്മയുടെ ദൃശ്യമാണിത്'.
'ഞങ്ങള്‍ ഇന്ത്യന്‍ സൈന്യമാണ്, നിങ്ങളെ സംരക്ഷിക്കാന്‍ എത്തിയതാണ്' എന്ന് സൈനികന്‍ സ്ത്രീയോട് പറയുന്നു. യുവതിയുടെ കരച്ചിലിന് പിന്നാലെ ഒപ്പമുള്ള കുഞ്ഞ് 'പാപ്പാ പാപ്പാ' എന്ന് അച്ഛനെ വിളിച്ച് കരയുന്നതും കേള്‍ക്കാനാകുന്നുണ്ട്. നടുക്കം മാറാതിരുന്ന് സ്ത്രീ ഉറക്കെ കരയുകയും ബോധരഹിതയായി വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരെ സൈനികര്‍ എടുത്തുയര്‍ത്തി കുടിനീര്‍ നല്‍കുന്നുണ്ട്. ഭീകരാക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നാണ് അനുമാനം.
ഇതിനിടെ പഹല്‍ഗാം കൂട്ടക്കൊലയില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ്. പാകിസ്ഥാനില്‍ നിന്നാണ് ആക്രമണം നിയന്ത്രിച്ചത്. ഭീകരസംഘത്തിന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. നാലംഗ സംഘത്തില്‍ മൂന്നുപേര്‍ പാക്കിസ്ഥാന്‍കാരാണ്. ദൃശ്യം പകര്‍ത്താന്‍ ഭീകരര്‍ ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചതായി സൂചനയുണ്ട്. റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന മറവില്‍ ലഷ്കറും ഐഎസ്ഐയുമാണ് കൂട്ടക്കൊല ആസൂത്രണം ചെയ്തതെന്ന് ഇന്ത്യ ഉറപ്പിച്ചു.
ജമ്മു പഹൽഗാം ഭീകരാക്രമണത്തിൽ മലയാളിയടക്കം 28 പേരാണ് മരിച്ചത്. ഒട്ടേറെ പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ നേവിയുടെയും ഐബിയുടെയും ഉദ്യോഗസ്ഥരും രണ്ട് വിദേശികളും ഉള്‍പ്പെടുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി. ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി നേവല്‍ ബേസിലെ ഉദ്യോഗസ്ഥന്‍ വിനയുടെ വിവാഹം ഇക്കഴിഞ്ഞ പതിനാറിനായിരുന്നു.