പഹല്‍ഗാമിലെ ഭീകരാക്രമണത്തിനിടെ അക്രമികളിൽ നിന്ന് തോക്ക് പിടിച്ചെടുത്ത് തിരിച്ചടിക്കാൻ ശ്രമിക്കവേ കൊല്ലപ്പെട്ട പഹല്‍ഗാമിലെ ടൂറിസ്റ്റ് ഗൈഡായ സയ്യിദ് ആദിൽ ഹുസൈൻ ഒരു നൊമ്പരമായിരുന്നു. ഭീകരർ എത്തിയപ്പോഴും ധൈര്യം കൈവിടാതെ, അവരെ പ്രതിരോധിക്കാൻ ശ്രമിക്കവേയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാക്ക് വെടിയേറ്റത്.
പിന്നാലെ ടൂറിസ്റ്റിനെ തന്‍റെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തുന്ന മറ്റൊരു കശ്മീരി യുവാവും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ടൂറിസ്റ്റ് ഗൈഡായ സജാദ് മുഹമ്മദാണ് ഭീകരാക്രമണം നടക്കവേ വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയെ തോളിലേറ്റി രക്ഷപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുറത്തുനിന്ന് എത്തുന്നവര്‍ക്ക് നടക്കാനോ ഓടാനോ പ്രയാസമേറിയ ദുര്‍ഘടമായ പാതയിലൂടെയാണ് സജാദ് ഒരാളെ തോളിലേറ്റ് ഓടിയത്. വിഡിയോ പുറത്തുവന്നതോടെ സജാദിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വിനോദ സഞ്ചാരത്തിലൂടെ പഴയ ജീവിതത്തെ കശ്മീരി തിരിച്ചുപിടിക്കുന്നതിനിടെയാണ് ഇവരുടെ പ്രതീക്ഷകളില്‍ കൂടി കരിനിഴല്‍ വീഴ്ത്തി വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. പഹൽഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനതയും തെരുവിലാണ്. ശാന്തി ഉറപ്പാക്കാൻ അധികാരികൾ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രതിഷേധം.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ആക്രമണം നടത്തിയവരും ആസൂത്രകരും ശിക്ഷിക്കപ്പെടും. ഉടന്‍തന്നെ നിങ്ങള്‍ക്ക് ദൃഢമായ പ്രതികരണം കാണാന്‍ കഴിയും. മറുപടി നല്‍കുമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.