ആദ്യം ഹണിമൂണിനായി സ്വിറ്റ്സര്‍ലന്‍ഡ് ആയിരുന്നു തിരഞ്ഞെടുത്തത്... Read more at: https://www.manoramanews.com/india/latest/2025/04/24/swiss-visa-rejection-led-naval-officer-to-plan-honeymoon-in-kashmir-pahalgam.html
ഏപ്രില്‍ 16നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റു കൊല്ലപ്പെട്ട നാവിക സേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്‍റെ വിവാഹം. നീണ്ട ദാമ്പത്യമുണ്ടാകട്ടെയെന്ന് വീട്ടുകാരും കൂട്ടുകാരും ആശംസിച്ചിട്ട്, അനുഗ്രഹിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ... എന്നാല്‍ ഭീകരരുടെ തോക്കിന്‍മുനയില്‍ വിനയ്‌യുടെയും ഹിമാന്‍ഷിയുടേയും ദാമ്പത്യം ആറുദിവസമായി ഒടുങ്ങി.
വിനയ്‌യുടെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യ ഹിമാന്‍ഷി
ഏപ്രില്‍ 21നാണ് ഭാര്യ ഹിമാന്‍ഷിയുമായി മധുവിധു ആഘോഷിക്കാന്‍ വിനയ് പഹല്‍ഗാമിലെത്തുന്നത്. ആദ്യം ഹണിമൂണിനായി സ്വിറ്റ്സര്‍ലന്‍ഡ് ആയിരുന്നു തിരഞ്ഞെടുത്തത്. എന്നാല്‍ വീസ ലഭിക്കാതെ വന്നതോടെയാണ് യാത്ര കശ്മീരിലേക്ക് മാറ്റുന്നത്. പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായി ഭര്‍ത്താവിനു വെടിയേറ്റതിനു പിന്നാലെ സഹായം തേടുന്ന, എന്തുചെയ്യുമെന്നറിയാതെ വിറങ്ങലിച്ച് ഭര്‍ത്താവിന്‍റെ മൃതദേഹത്തിനരികെ നിസഹായയായി ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം രാജ്യം ഒരിക്കലും മറക്കില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം നെഞ്ചിലും കഴുത്തിലും ഇടതുകൈയ്യിലും വിനയ്ക്ക് വെടിയേറ്റിരുന്നു. സംഭവസ്ഥലത്തു തന്നെ വിനയ് മരിക്കുകയും ചെയ്തു.
ഈ സമയം വിനയ്‌യുടെ മരണമറിയാതെ അയല്‍വാസികള്‍ക്ക് മകന്‍റെ കല്യാണത്തിന്‍റെ മധുരം വിതരണം ചെയ്യുകയായികരുന്നു വിനയ് നര്‍വാളിന്‍റെ അമ്മ. നര്‍വാളിന്‍റെ വിവാഹത്തോടെ കുടുംബത്തില്‍ ആഘോഷത്തിന്‍റെ പ്രതീതിയായിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു എന്ന് പറയുമ്പോള്‍ നര്‍വാളിന്‍റെ അയല്‍ക്കാരന്‍ നരേഷിന് വാക്കുകളിടറും. ചെവ്വാഴ്ച ഉച്ചയോടെയായിരുന്നു പഹല്‍ഗാമില്‍ വിനയ് ഭീകരരുടെ വെടിയേറ്റു വീഴുന്നത്. പക്ഷേ കുടുംബം വിവരം അറിഞ്ഞത് വൈകീട്ടോടെ മാത്രമാണ്.
കേരളത്തിലെ ഏഴിമല നേവല്‍ അക്കാദമിയിലായിരുന്നു ഹരിയാന കര്‍ണാല്‍ ഭുസ്‌ലി സ്വദേശിയായ വിനയ് പഠിച്ചത്. പാസ് ഔട്ട് ആയതുമുതല്‍ വിനയ്‌യുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു കുടുംബം. രണ്ട് വര്‍ഷം മുന്‍പ് സബ്–ലഫ്റ്റനന്‍റായി കൊച്ചിയിലെത്തി. മൂന്ന് വര്‍ഷം മുന്‍പാണ് വിനയ് നാവിക സേനയില്‍ ചേരുന്നത്. ഉത്തരാഖണ്ഡിലെ മസൂറിയില്‍ വച്ച് ഏപ്രില്‍ 16നായിരുന്നു വിനയ്‌യുടെയും ഹിമാന്‍ഷിയുടേയും വിവാഹം. ജിഎസ്ടി വകുപ്പിലെ സൂപ്രണ്ടന്‍റാണ് വിനയ്‌യുടെ പിതാവ് രാജേഷ് നര്‍വാള്‍. മാതാവ്, ആശ. വിനയ്‌യുടെ മൃതദേഹം ഇന്നലെ വൈകീട്ട് കര്‍ണാലില്‍ സംസ്കരിച്ചു.