നാളെ മുതല്‍ ഇന്ത്യയില്‍ പുതുനിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെങ്കിലും ഇതു സംബന്ധിച്ച ആശങ്കകള്‍ ഇനിയും ബാക്കി. പുതിയ ക്രിമിനല്‍ തെളിവു നിയമങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ സര്‍ക്കാരിനു മറ്റു തടസങ്ങളില്ലെങ്കിലും ആശയക്കുഴപ്പവും പൊലീസ് നിയമ സംവിധാനങ്ങളിലെ ഒരുക്കക്കുറവും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഫെബ്രുവരിയിലാണ് ഈ നിയമങ്ങള്‍ വിജ്ഞാപനം നടത്തിയത്. പരിശീലന പരിപാടികളും നടത്തിയെങ്കിലും അതൊന്നും എത്തേണ്ടിടത്തേക്ക് എത്തിയിട്ടില്ലെന്നതാണ് വാസ്തവം.
മാറിയ സാഹചര്യങ്ങളില്‍ നിയമങ്ങള്‍ വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനക്കു വിടണമെന്ന ആവശ്യം ഇതിനിടെ പ്രതിപക്ഷവും ഉന്നയിക്കുന്നുണ്ട്. ഇതിനായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കോണ്‍ഗ്രസും നിരന്തരശ്രമം നടത്തുന്നുണ്ട്.
മാറ്റങ്ങള്‍ ഇങ്ങനെ;
∙ ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവ യഥാക്രമം ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യനിയമം, എന്നിങ്ങനെ പേരുമാറ്റം വരും. ഒപ്പം വകുപ്പുകളും പരിഷ്ക്കരിച്ചിട്ടുണ്ട്.
∙ രാജ്യത്തിന്റെ ഐക്യം, സുരക്ഷ, അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവയില്‍ രാജ്യത്തെ വെല്ലുവിളിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇനി ഭീകരവാദമാകും. പൊതുസേവകരെ വധിക്കുന്നതും ശ്രമിക്കുന്നതും ഭീകരവാദകുറ്റമാകും. നോട്ട് നിര്‍മാണം, കടത്തല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍ എന്നിവയും ഭീകരവാദം തന്നെ. സ്വത്ത് കണ്ടുകെട്ടല്‍, വധശിക്ഷ , പരോള്‍ ഇല്ലാത്ത തടവ് എന്നിവയാകും ശിക്ഷ.
∙മദ്യപിച്ചു പ്രശ്നമുണ്ടാക്കല്‍, അപകീര്‍ത്തി തുടങ്ങി പെറ്റിക്കേസുകളില്‍ പ്രതിഫലനമില്ലാതെ സാമൂഹികസേവനം ശിക്ഷയായി നിലവില്‍ വരും.
∙ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളിലും പരിഷ്കാരം വരുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ കൂട്ടപീഡനത്തില്‍ വധശികഷയോ ജീവപര്യന്തമോ ആണ് ശിക്ഷ. പീഡനക്കേസുകളില്‍ 10 വര്‍ഷത്തില്‍ കുറയാതെ കഠിനതടവും പിഴയുമായിരിക്കും ശിക്ഷ. വിവാഹം, തൊഴില്‍ വാഗ്ദാനം, സ്ഥാനക്കയറ്റം എന്നിവയുടെ പേരിലുള്ള ചൂഷണങ്ങളും കുറ്റകരമാണ്.
∙ സായുധ വിമതപ്രവര്‍ത്തനം,വിധ്വംസക, വിഘടനവാദ പ്രവര്‍ത്തനം എന്നിവ സംഘടിത കുറ്റകൃത്യം എന്ന വകുപ്പില്‍പ്പെടും. 7 വര്‍ഷം തടവുശിക്ഷ മുതല്‍ വധശിക്ഷ വരെ ലഭിക്കാം.
∙ ആള്‍ക്കൂട്ടക്കൊലപാതകം, വിദ്വേഷകുറ്റകൃത്യങ്ങള്‍ എന്നിവയെ കൊലപാതകക്കേസുകളിലെ പ്രത്യേക വിഭാഗമാക്കി. ആള്‍ക്കൂട്ടക്കൊലപാതകത്തിനുള്ള കുറഞ്ഞ ശിക്ഷ വര്‍ധിപ്പിച്ചു.
∙ എഴുത്തിലൂടെയോ സംസാരത്തിലൂടെയോ ആംഗ്യത്തിലൂടെയോ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ ഉള്ള ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാം.
∙കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കണം, എല്ലാ കേസുകളിലും അന്വേഷണം 6 മാസത്തിനകം തീര്‍ക്കണം, വിചാരണ പൂര്‍ത്തിയായാല്‍ 30 ദിവസത്തിനകം വിധി പറയണം.
∙ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ കൈവിലങ്ങ് പാടില്ല. വധശിക്ഷക്ക് പരമാവധി ഇളവ് ജീവപര്യന്തം, ജീവപര്യന്തം ശിക്ഷയെ 7 വര്‍ഷം വരെ തടവുശിക്ഷയാക്കി കുറയ്ക്കാം.
പുതിയ നിയത്തില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ പ്രധാനമായും രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ടതാണ്. രാജ്യദ്രോഹക്കുറ്റവും തീവ്രവാദക്കുറ്റവും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഡിജിറ്റല്‍ തെളിവായി, ഫോണ്‍ ലാപ്ടോപ് എന്നിവ പരിശോധിക്കാമെന്നു വരുന്നത് സ്വകാര്യതാ ലംഘനത്തിനു വഴിയൊരുക്കും എന്നതുള്‍പ്പെടെയാണ് പൊതുവേ ഉയരുന്ന ആശങ്ക.