സുപ്രീം കോടതിയിൽ വാദം നടക്കുമ്പോള്‍ പുറത്ത് കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾ

നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാല്‍ പുനഃപരീക്ഷ നടത്താമെന്ന് സുപ്രീം കോടതി. ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവിച്ചത് വ്യക്തമാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ്, ചോര്‍ച്ചയുടെ വ്യാപ്തിയെത്രയെന്ന് കേന്ദ്രത്തോട് ചോദിച്ചു. ബൂധനാഴ്ചക്കുള്ളില്‍ കേന്ദ്രവും എന്‍.ടി.എയും സി.ബി.ഐയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം, ഹര്‍ജികള്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. 

നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതടക്കം 38 ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പുനഃപരീക്ഷയ്ക്ക് മുന്ന് സാഹചര്യങ്ങളാവശ്യമാണെന്ന്  വിലയിരുത്തി.  ക്രമക്കേട് പരീക്ഷ നടത്തിപ്പിനെ ബാധിക്കുകയോ, മുഴുവൻ പരീക്ഷാ പ്രക്രിയയുടെയും പവിത്രതയെ ബാധിക്കുകയോ, തട്ടിപ്പിൻ്റെ ഗുണഭോക്താക്കളെ കണ്ടെത്താനാവാതിരിക്കുകയോ വന്നാല്‍ പുനഃപരീക്ഷ നടത്താം.  ഈ മൂന്ന് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന പൂര്‍ണവിവരങ്ങള്‍ സമര്‍പ്പിക്കാന്‍   എന്‍.ടി.എയോടെ കോടതി ആവശ്യപ്പെട്ടു.

പരീക്ഷ റദ്ദാക്കലും പുനഃപരീക്ഷയും 23 ലക്ഷത്തിലേറെ വിദ്യാര്‍ഥികളെ ബാധിക്കുന്ന അങ്ങേയറ്റത്തെ തീരുമാനമാണെന്നും ചീഫ് ജസ്റ്റിസ്. പാട്നയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും മറ്റിടങ്ങളില്‍ ചെറിയ ക്രമക്കേടുകളുണ്ടായെന്നും കേന്ദ്രം കോടതിയില്‍ സമ്മതിച്ചു.  സമൂഹമാധ്യമത്തിലൂടെയാണ് ചോര്‍ന്നതെങ്കില്‍ അത് കാട്ടൂതീ പോലെ പടര്‍ന്നിരിക്കില്ലേയെന്ന് കോടതിയുടെ ചോദ്യം.  ചോര്‍ച്ചയുടെ വ്യാപ്തി എത്രത്തോളം എന്നറിയണം. പരീക്ഷയ്ക്ക് എത്ര സമയം മുന്‍പാണ്  ചോര്‍ന്നത് ?  തെറ്റുചെയ്ത് വിദ്യാര്‍ഥികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളെടുത്തുവെന്നും കോടതി ചോദിച്ചു. ക്രമക്കേടിന്‍റെ ഗുണംപറ്റിയവരെ എത്രയും വേഗം കണ്ടെത്തണമെന്നും നിര്‍ദേശിച്ചു. 

പുനഃപരീക്ഷ ആവശ്യപ്പെടുന്ന എല്ലാ ഹര്‍ജിക്കാരുംചേര്‍ന്ന് കാരണങ്ങള്‍ വ്യക്തമാക്കി ഒറ്റ അപേക്ഷ നല്‍കണം.  കേന്ദ്രവും എന്‍.ടി.എയും ഹര്‍ജികള്‍ക്ക് തരംതിരിച്ച് മറുപടി നല്‍കണം, അന്വേഷണത്തെക്കുറിച്ച് സിബിഐ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.  ബുധനാഴ്ച വൈകുന്നേരത്തിനകം ഇവ സമര്‍പ്പിക്കാനാണ് നിര്‍ദേശം. വ്യാഴാഴ്ച ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.  ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. അതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയോ നിലവിലുള്ള സമിതിയില്‍ കുടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുകയോ ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചു.  

ENGLISH SUMMARY:

Supreme Court seeks NTA disclosure on paper leak