pune-court

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് നടുവൊടിഞ്ഞ അവസ്ഥയാണ് രാജ്യത്തെന്നും അതുകൊണ്ട് നിലവിലെ തുക ജീവിക്കാന്‍ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി ജീവനാംശം നാലിരട്ടിയിലേറെ വര്‍ധിപ്പിച്ച് പൂണെ കോടതി. മഹാരാഷ്ട്ര സ്വദേശിയായ അസിസ്റ്റന്‍റ് പ്രഫസര്‍ മുന്‍ഭാര്യയ്ക്കും മകള്‍ക്കുമായി നല്‍കിയുരന്ന 8000 രൂപയാണ് 35,000 രൂപയാക്കി പൂണെ അഡീഷണല്‍ സെഷന്‍സ് കോടതി വര്‍ധിപ്പിച്ചത്.

2016 ലാണ് ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നും അതുകൊണ്ട് വിവാഹമോചനം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിച്ചത്. 2017 ല്‍ കോടതി ഇവര്‍ക്ക് ജീവനാംശമായി 8000 രൂപ വിധിച്ചു. 10 വയസായിരുന്നു അന്ന് മകളുടെ പ്രായം.  നിലവില്‍ മകള്‍ വലിയ പെണ്‍കുട്ടിയാണെന്നും അവളുടെ വിദ്യാഭ്യാസത്തിനും യാത്രകള്‍ക്കും മറ്റും നല്ലൊരു തുക ആവശ്യമായി വരുമെന്നും ചൂണ്ടിക്കാട്ടിയ കോടതി ജീവനാംശം 35,000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. 

മകള്‍ നിലവില്‍ പി.ജി വിദ്യാര്‍ഥിനിയാണെന്നും അവള്‍ക്ക് ജീവിക്കാന്‍ ഇനി അച്ഛന്‍റെപിന്തുണ ആവശ്യമില്ലെന്നും സമ്പാദിച്ച് ജീവിക്കാനുള്ള പ്രായമായെന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഏഴാം ശമ്പള കമ്മിഷന്‍ അനുസരിച്ച് ജൂലൈ 2023 ല്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപയാണ് യുവതിയുടെ മുന്‍ഭര്‍ത്താവിന്‍റെ ശമ്പളമെന്നും പി.എഫ് ഉള്‍പ്പടെയുള്ള കട്ടിങുകള്‍ കഴിഞ്ഞ് 83275 രൂപ ശമ്പളമായി ഇദ്ദേഹം കൈപറ്റുന്നുണ്ടെന്നും ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ 20,000 ഭാര്യയ്ക്കും 15,000 മകള്‍ക്കുമെന്ന കണക്കില്‍ ജീവനാംശം വര്‍ധിപ്പിച്ച് നല്‍കണമെന്ന ആവശ്യം ന്യായമാണെന്നും വിലവര്‍ധനയും ജീവിതച്ചിലവുകളും പരിഗണിച്ച് ജീവനാംശം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ജഡ്ജി വ്യക്തമാക്കി. 

ENGLISH SUMMARY:

Considering the increase in prices of essential commodities as well as standard of living of the husband, the Court of Additional Sessions Judge enhanced the maintenance from Rs 8,000 to Rs 35,000 per month.