kerala-hc-quashes-case-agai
  • നിര്‍ദേശം ജില്ലാ കോടതികള്‍ക്ക്
  • 'മാധ്യമ സ്വാതന്ത്ര്യം തടസപ്പെടുത്തരുത്'
  • മലയാള മനോരമ ദിനപത്രത്തിനെതിരെയുള്ള കേസിലെ തുടർനടപടി റദ്ദാക്കി

അപകീർത്തി കേസെടുക്കുമ്പോൾ ജില്ലാ കോടതികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി. മതിയായ വസ്തുതകളുണ്ടെന്ന് വിചാരണക്കോടതികൾ ഉറപ്പുവരുത്തിയില്ലെങ്കിൽ മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

മലയാള മനോരമ ദിനപത്രത്തിനെതിരെയുള്ള അപകീർത്തി കേസിലെ തുടർനടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. കുറ്റവുമായി ബന്ധപ്പെട്ട കൃത്യമായ വസ്തുതകളുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രമേ പത്രങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ കോടതി നടപടികൾ സ്വീകരിക്കാവൂ. അല്ലെങ്കിൽ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. മാധ്യമ സ്വാതന്ത്ര്യത്തിനുള്ള തടസങ്ങൾ ജനാധിപത്യത്തിലേക്കല്ല, ജനക്കൂട്ടത്തിന്റെ ആധിപത്യത്തിലേക്കേ നയിക്കുകയുള്ളൂയെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ പറഞ്ഞു. 

ആലുവ അദ്വൈതാശ്രമം വളപ്പിലേക്ക് മാലിന്യം കോരിയിട്ടതുമായി ബന്ധപ്പെട്ട് 2017 ഫെബ്രുവരി 20ന് മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത അപകീർത്തികരമാണെന്ന് ആരോപിച്ച്  മുനിസിപ്പൽ കൗൺസിലർ കെ.വി.സരളയാണു പരാതി നൽകിയത്. എന്നാൽ കൃത്യമായി റിപ്പോർട്ട് ചെയ്ത വാർത്ത, മതിയായ തെളിവില്ലാതെ അപകീർത്തികരമാണെന്നു പറയുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് തടസമാണെന്ന് കോടതി പറഞ്ഞു. 

പത്രങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ അനാവശ്യമായ അപകീർത്തിക്കേസുകൾ ഏറെയുണ്ട്. ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള ഒട്ടേറെ വാർത്തകൾ മാധ്യമങ്ങളിലുണ്ട്. വാർത്ത നൽകാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശവും ജനാധിപത്യ രാജ്യത്ത് കൈകോർത്ത് പോകേണ്ടതാണ്. എന്നാൽ ഇക്കാര്യത്തിൽ നിയമപരമായ നിയന്ത്രണങ്ങളുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ സത്കീർത്തിയെ ബാധിക്കണമെന്ന ഉദ്ദേശം പത്രത്തിന് ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തിയാണ് കേസ് നടപടികൾ കോടതി റദ്ദാക്കിയത്.

ENGLISH SUMMARY:

Demation cases against media and journalists should register only on the basis of accurate facts, says Kerala HC.