കാലങ്ങളായി തുടരുന്ന തര്‍ക്കമാണ് വെളുത്തുള്ളി പച്ചക്കറിയാണോ അതോ സുഗന്ധ വ്യഞ്ജനമാണോ എന്നത്. ദീര്‍ഘകാലത്തെ തര്‍ക്കത്തിനൊടുവില്‍ ആ പ്രശ്നം പരിഹരിച്ച് കോടതി വിധിച്ചു, വെളുത്തുള്ളി പച്ചക്കറി തന്നെ. പക്ഷേ പച്ചക്കറിക്കടയിലും സുഗന്ധ വ്യഞ്ജന കടയിലും വില്‍ക്കാം. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്‍റേതാണ് വിധി. 

കോടതി ഉത്തരവ് കര്‍ഷകരെയും വ്യാപാരികളെയും സഹായിക്കുമെന്നാണ് പ്രതീക്ഷ. രൂക്ഷമായ ഗന്ധത്തോടെയുള്ള വെളുത്തുള്ളിയെ സുഗന്ധവ്യഞ്ജനമായാണ് കണക്കാക്കി വന്നിരുന്നത്. പലതരം ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടിലും ഒഴിച്ചുകൂടാനാവാത്ത ഘടകം കൂടിയാണ് വെളുത്തുള്ളി. കൊളസ്ട്രോള്‍ കുറയ്ക്കാനും വയറ്റിലെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുമെന്നിങ്ങനെ വെളുത്തുള്ളി മാഹാത്മ്യം ഏറും. 

2015ലാണ് വെളുത്തുള്ളിയെ ചൊല്ലി അടിപൊട്ടിയത്. മധ്യപ്രദേശിലെ ഒരു കര്‍ഷക സംഘടന വെളുത്തുള്ളിയെ പച്ചക്കറിയായി പ്രഖ്യാപിക്കണമെന്ന് മണ്ഡി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. പക്ഷേ കൃഷി മന്ത്രാലയം ആ തീരുമാനം മാറ്റി, വെളുത്തുള്ളിയെ വീണ്ടും സുഗന്ധ വ്യഞ്ജനത്തിന്‍റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. 1972 ലെ  അഗ്രിക്കള്‍ച്ചറര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ആക്ട് അനുസരിച്ച് വെളുത്തുള്ളി സുഗന്ധ വ്യഞ്ജനം തന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി കമ്മിഷന്‍ ഏജന്‍റുമാരുടെ അസോസിയേഷന്‍ 2016 ല്‍ ഇന്‍ഡോര്‍ കോടതിയെ സമീപിച്ചു. 2017 ല്‍ അസോസിയേഷന്‍റെ വാദം അംഗീകരിച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ പോര് മുറുകി. 

2017 ല്‍ മുകേഷ് സോമ്നിയെന്നയാള്‍ റിവ്യൂ പെറ്റീഷനുമായി കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ ഇന്‍ഡോര്‍ ബെഞ്ചിന്‍റെ വിധി.  2017 ലെ റൂളിങ് ശരിവച്ച കോടതി കമ്മിഷന്‍ ഏജന്‍റുമാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് നേരിട്ട് വില്‍പ്പന സാധ്യമാക്കുന്ന രീതി തിരികെ കൊണ്ടുവരികയും ചെയ്തു. 

ENGLISH SUMMARY:

Is garlic a vegetable or a spice? The Indore bench of Madhya Pradesh High Court has finally put an end to the years-long debate