''ഇന്ത്യയിലെ പരമ്പരാഗത മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത പാശ്ചാത്യ സങ്കൽപ്പമാണ് ലൈംഗിക വിദ്യാഭ്യാസം എന്നാണ് പൊതുധാരണ. ഈ കാഴ്ചപ്പാടുകാരണം സംസ്ഥാന സർക്കാരുകള്‍ ലൈംഗിക വിദ്യാഭ്യാസത്തോട് മുഖം തിരിച്ചു. ചില സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസംതന്നെ നിരോധിച്ചു. അങ്ങനെ കൗമാരക്കാരില്‍ കൃത്യമായ വിവരങ്ങളെത്താതെയായി. ഇതാണ് കൗമാരക്കാരും യുവാക്കളും ഇന്‍റര്‍നെറ്റിലേക്കും തെറ്റിദ്ധാരണകളിലേക്കും അനാരോഗ്യകരമായ ലൈംഗിക പെരുമാറ്റങ്ങളിലേക്കും തിരിയാന്‍ കാരണമായത്"
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമെന്ന വിധിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി.പര്‍ദിവാലയുമടങ്ങുന്ന ബെഞ്ച് വിശദീകരിച്ചു.
'ഇന്ത്യയിൽ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ വ്യാപകമാണ്, ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്യുന്നത് അനുചിതവും അധാർമികവും ലജ്ജാകരവുമാണെന്ന് മാതാപിതാക്കളും അധ്യാപകരുമുൾപ്പെടെ കരുതുന്നു. ഈ യാഥാസ്ഥിതിക കാഴ്ച്ചപ്പാട് കൗമാരക്കാർക്കിടയിൽ കാര്യമായ അവബോധക്കുറവിന് കാരണമായി എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രശ്നം ഭാവിയില്‍ പരിഹരിക്കാന്‍ സമഗ്രമായ പദ്ധതി വേണമെന്നാണ് കോടതിയുടെ നിര്‍ദേശം. കുട്ടികള്‍ക്ക് പോക്‌സോ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കണം. ചൂഷണത്തെക്കുറിച്ച് കുട്ടികള്‍ക്ക് വ്യക്തതയോടെ മനസിലാക്കാനാകണം.
ആരോഗ്യകരമായ ബന്ധങ്ങള്‍, അനുമതി, പെരുമാറ്റം എന്നിവ പഠനത്തില്‍ ഉള്‍പ്പെടുത്തണം. കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയുംക്കുറിച്ച് സാമൂഹ്യ ബോധവല്‍ക്കരണം വേണം.
ലൈംഗിക ചൂഷണത്തിനിരയായ കുട്ടികളുടെ മാനസികാരോഗ്യം, വിദ്യാഭ്യാസം, പുനരധിവാസം എന്നിവയും ഉറപ്പാക്കണം. ഈ നിര്‍ദേശങ്ങളനുസരിച്ചുള്ള സമഗ്ര ലൈംഗിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
'കുട്ടികളുടെ അശ്ലീലത' എന്ന പ്രയോഗം പാടില്ലെന്നും പകരം "കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കൾ" എന്ന് ഉപയോഗിക്കണമെന്നതും വിധിയുടെ ഭാഗമാണ്. ഇതിനായി പോക്‌സോ നിയമത്തില്‍ ഭേദഗതി പരിഗണിക്കണമെന്ന് പാർലമെന്‍റിനോടും ഓർഡിനൻസിറക്കണമെന്ന് കേന്ദ്രത്തോടും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.