പട്ടികജാതി സംവരണത്തില്‍ പ്രത്യേക ക്വാട്ടയാകാമെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കില്ല. വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തളളി. വിധിയില്‍ അപാകതയില്ലെന്ന് ഏഴംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. പട്ടിക ജാതി വിഭാഗത്തില്‍ കൂടുതൽ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തിനകത്ത് ഉപ സംവരണം അനുവദിക്കാമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
ഉപസംവരണം ആവശ്യമുള്ള വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ണയിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. വിധി പുനഃപരിശോധിക്കമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. വിധിയില്‍ അപാകതയില്ലെന്നും പുനഃപരിശോധനയ്ക്ക് കാരണമില്ലെന്നും സമാന ബെഞ്ച് നിരീക്ഷിച്ചു.
ഉപസംവരണം പാടില്ലെന്ന സുപ്രീംകോടതിയുടെ 2004ലെ വിധി റദ്ദാക്കിയാണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഉപവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് നീതീകരിക്കാനാകണം. ഒരു ഉപവിഭാഗത്തിനുമാത്രം മുഴുവന്‍ സംവരണം അനുവദിക്കരുതെന്നും വിധിയില്‍ നിര്‍ദേശിച്ചിരുന്നു. സംവരണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി അന്ന് ഭിന്നവിധിയുമെഴുതി. ചില വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യം കുറയുമെന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍.