പൊതുനന്‍മയുടെ പേരില്‍ എല്ലാ സ്വകാര്യ സ്വത്തും സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ഭൗതിക വിഭവങ്ങളുടെ പരിധിയില്‍ എല്ലാ സ്വകാര്യസ്വത്തും വരില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി.
ഭരണഘടനയുടെ അനുഛേദം 39 ബിയിലെ സാമൂഹിക വിഭവങ്ങള്‍ എന്ന നിര്‍വചനത്തില്‍ എല്ലാ സ്വകാര്യ വിഭവങ്ങളും ഉള്‍പ്പെടുമോ എന്നാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. ചില സ്വകാര്യ സ്വത്തുക്കള്‍ ഭൗതിക വിഭവങ്ങളുടെ പരിധിയില്‍ വരുമെങ്കിലും എല്ലാം അത്തരത്തില്‍ നിര്‍വചിക്കാനാവില്ലെന്ന് ഒന്‍പതംഗ ബെഞ്ചിലെ എട്ടുപേരും നിലപാടെടുത്തു. സ്വകാര്യ സ്വത്ത് സര്‍ക്കാരിന് ഏറ്റെടുത്ത് വിതരണം ചെയ്യാമെന്ന 1978 ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വിധി പുനര്‍വ്യാഖ്യാനം ചെയ്താണ് ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവ്.
ഒരു സ്വകാര്യ വസ്തു ഏറ്റെടുക്കുമ്പോള്‍ അതിന്‍റെ സ്വഭാവം, സവിശേഷതകള്‍, സമൂഹത്തിന് അത് എങ്ങനെ ഗുണകരമാകും, ആ വസ്തു സ്വകാര്യ വ്യക്തികളുടെ കൈവശം ഇരിക്കുന്നതിന്‍റെ പ്രത്യാഘാതം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കണം. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വിധി പ്രത്യേക സാമ്പത്തിക ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതികള്‍ രാജ്യത്തെ പ്രത്യേക ആശയങ്ങളില്‍ തളച്ചിടരുതെന്നും ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി.നാഗരത്ന ഭാഗികമായി ഭിന്നത പ്രകടിപ്പിച്ചപ്പോള്‍ ജസ്റ്റിസ് സുധാംശു ധൂലിയ ഭിന്നവിധിയാണ് ഇറക്കിയത്