what-is-waqaf-board

മുനമ്പം ഭൂമി പ്രശ്‌നം ശക്തമായതോടെ ഇടവേളക്ക് ശേഷം വഖഫ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എന്താണ് വഖഫ്? എന്താണ് വഖഫ് നിയമ ഭേദഗതി ബില്‍? വിശദമായി നോക്കാം.

 

വഖഫ് 

ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി ദൈവത്തിന്‍റെ പേരിൽ സമർപ്പിച്ചിരിക്കുന്ന വസ്തുവിനെയാണ് വഖഫ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വരുമാനവും പ്രതീക്ഷിക്കാതെ, ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചാണ് ഒരു വസ്തു വഖഫ് ചെയ്യുന്നത്. തടഞ്ഞു വയ്ക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് വഖഫ് എന്ന വാക്കിന്‍റെ ഉല്‍ഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ, പള്ളികൾ, ഷെൽട്ടർ ഹോമുകൾ എന്നിവയുടെ നടത്തിപ്പിനുവേണ്ടിയാണ് സാധാരണ ഭൂമി വഖഫ് ചെയ്യാറുളളത്. ഗുണഭോക്താക്കൾ മാറിയാലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നീട് അത് തിരിച്ചെടുക്കാൻ സാധിക്കില്ല. ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടത് എന്നും ദൈവത്തിന്‍റെ ഉടമസ്ഥാവകാശത്തിലായിരിക്കും എന്ന് ചുരുക്കം. വഖഫ് വസ്തു പരിപാലിക്കുന്നത് ഒരു മുത്തവല്ലിയാണ്. എന്നാൽ മേല്‍നോട്ടക്കാരന്‍ എന്നതിനപ്പുറം മുത്തവല്ലിക്ക് വഖഫിൽ അവകാശവും ഉണ്ടായിരിക്കില്ല.

വഖഫ് സ്വത്തുക്കളുടെ പരിപാലനം

1954ൽ കേന്ദ്രസർക്കാര്‍ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാന്‍ നിയമം കൊണ്ടുവന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും സ്ഥാപിച്ചു. ഈ നിയമം റദ്ദാക്കി 1995-ൽ വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. 2013-ൽ മറ്റൊരു ഭേദഗതി കൂടി വന്നു. ഈ ഭേദഗതി നിയമപ്രകാരമാണ് ഇപ്പോള്‍ വഖഫിന്‍റെ പ്രവര്‍ത്തനം.

വഖഫ് ബോർഡ്

ഓരോ സംസ്ഥാനത്തിനും ഓരോ വഖഫ് ബോർഡ് ഉണ്ട്. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രഷൻ, രേഖകള്‍ സൂക്ഷിക്കല്‍, ഉപയോഗം നിരീക്ഷിക്കല്‍, ജീവകാരുണ്യമാണ് വിനിയോഗത്തിന്‍റെ അടിസ്ഥാനം എന്ന് ഉറപ്പാക്കല്‍ തുടങ്ങിയവയാണ് വഖഫ് ബോർഡുകളുടെ ഉത്തരവാദിത്തം. വ്യക്തിഗത വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന മുത്തവല്ലികളെ നിയമിക്കുന്നതും വഖഫ് ബോര്‍ഡ് ആണ്.

വഖഫ് കൗൺസിൽ 

വഖഫ് ബോർഡുകളുടെ മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്ന കേന്ദ്ര സംവിധാനമാണ് വഖഫ് കൗൺസിൽ. വഖഫ് സ്വത്തുക്കൾ ഇസ്‌ലാമിക തത്വങ്ങൾക്കനുസൃതമായും സാമൂഹ്യ ക്ഷേമത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, വഖഫ് ബോർഡുകളുടെ ഏകോപനം, നയരൂപീകരണം, തർക്കപരിഹാരം തുടങ്ങിയവയാണ് വഖഫ് കൗൺസിലിന്റെ ചുമതല.

വഖഫ് ട്രൈബ്യൂണൽ

കോടതികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ബദൽ തർക്കപരിഹാര സംവിധാനം ആണ് വഖഫ് ട്രൈബ്യൂണലുകള്‍. ഓരോ സംസ്ഥാനത്തും ഓരോ ട്രൈബ്യൂണല്‍ ഉണ്ടാകും. വഖഫ് ബോർഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സിവിൽ കോടതിക്കുള്ള അധികാരങ്ങള്‍ ട്രൈബ്യൂണലിനുമുണ്ട്. ട്രൈബ്യൂണലിന്‍റെ തീരുമാനങ്ങള്‍ അന്തിമവും കക്ഷികൾക്ക് ബാധകവുമാണ്.

ട്രൈബ്യൂണൽ രൂപീകരിക്കുന്നത് സംസ്ഥാന സർക്കാരാണ്. മൂന്ന് അംഗങ്ങളുണ്ടാകും. ചെയർപഴ്സൺ ജുഡീഷ്യല്‍ ഓഫിസര്‍ ആയിരിക്കും. ക്ലാസ് വണ്ണിൽ കുറയാത്ത റാങ്കുള്ള ജില്ലാ, സെഷൻസ്, സിവിൽ ജഡ്ജ്, സംസ്ഥാന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, മുസ്ലീം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള ഒരു വ്യക്തി എന്നിവരാണ് ട്രൈബ്യൂണലില്‍ ഉണ്ടാകുക.

വഖഫ് ഭേദഗതി ബിൽ 2024

1995ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളില്‍ മാറ്റം വരുത്തുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി. ഇത് വഖഫ് ബോർഡുകളുടെ അധികാരപരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കുന്നു.

പുതിയ ഭേദഗതി നിയമവും എതിര്‍പ്പും

  • ഇപ്പോഴത്തെ നിയമപ്രകാരം ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വാക്കാൽ വഖഫ് ആക്കാം. എന്നാൽ പുതിയ ഭേഗഗതി അനുസരിച്ച് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി വഖഫ് ചെയ്യാന്‍ കഴിയൂ. ഭാവിയിൽ തര്‍ക്കങ്ങളുണ്ടായാല്‍ മതിയായ തെളിവുണ്ടാവില്ല എന്നാണ് ഈ വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം.
  • കാലാകാലങ്ങളായി മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കഴിയും. എന്നാല്‍ ഭേദഗതി നടപ്പായാല്‍ ‘ഉപയോഗത്തിലൂടെ വഖഫ്’ എന്ന ആശയം റദ്ദാക്കപ്പെടും. 
  • വഖഫ് ഭൂമി സർവേ നടത്താന്‍ ഇപ്പോള്‍ സംസ്ഥാന സർക്കാരുകൾക്ക് സർവ്വേ കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണർമാരെയും നിയമിക്കാം. എന്നാൽ ഭേദഗതി പ്രകാരം അതത് ജില്ലാ കലക്ടർമാരാണ് സർവ്വേ നടത്തേണ്ടത്. ഏതെങ്കിലും വഖഫ് സ്വത്ത്  സർക്കാർ വകയാണോ എന്ന് സംശയം ഉണ്ടായാൽ അന്വേഷിച്ച് തീരുമാനമെടുക്കേണ്ടതും കലക്ടറാണ്. അതായത് തര്‍ക്കങ്ങളില്‍ വഖഫ് ട്രൈബ്യൂണലിന് പകരം കലക്ടര്‍ തീരുമാനമെടുക്കും. കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ ‘തര്‍ക്കമുള്ള സ്വത്തുക്കള്‍ വഖഫ് ആയി കണക്കാക്കില്ല’ എന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. അതായത് സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കുംവരെ തര്‍ക്കവസ്തുവില്‍ വഖഫിന് നിയന്ത്രണമുണ്ടാകില്ല.
  • വഖഫ് ട്രൈബ്യൂണലുകളുടെ ഘടന മാറ്റിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. അംഗങ്ങളില്‍ ഒരാള്‍ ഇസ്ലാമിക നിയമങ്ങളില്‍ പണ്ഡിതനായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ റദ്ദാകും. ട്രൈബ്യൂണലുകളുടെ വിധിയ്ക്കെതിരെ 90 ദിവസത്തിനകം കോടതികളിൽ അപ്പീൽ നല്‍കാനും ഭേഗഗതി നിയമത്തില്‍ വ്യവസ്ഥയുണ്ട്.
  • വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം തന്നെ പൊളിച്ചെലുതുന്നതാണ് പുതിയ ഭേദഗതി. ഇപ്പോള്‍ ബോര്‍ഡിലെയും കൗണ്‍സിലിലെയും എല്ലാ അംഗങ്ങളും മുസ്‍ലിംകളാണ്. ഭേദഗതി പ്രകാരം മുസ‌്‍ലിംകളല്ലാത്ത രണ്ടംഗങ്ങളെങ്കിലും വേണം.
  • ഏതെങ്കിലും സ്വത്ത് വഖഫാണോ എന്ന് ബോർഡിന് തോന്നിയാല്‍ അതേക്കുറിച്ച് അന്വേഷിക്കാനും തീരുമാനമെടുക്കാനും ഇപ്പോള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കഴിയും. പരാതികള്‍ ഉണ്ടായാല്‍ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്യാം. പുതിയ ഭേദഗതി വന്നാല്‍ ഈ അധികാരം ഇല്ലാതാകും.

വഖഫ് നിയമത്തില്‍ മാറ്റം വരുന്നത് ഇതാദ്യമല്ല. കാലോചിതമായ പരിഷ്കാരങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍ മാറ്റങ്ങളുടെ ഉദ്ദേശ്യങ്ങളും നടപ്പാക്കുന്ന രീതിയും ചോദ്യംചെയ്യപ്പെടുമ്പോള്‍ അക്കാര്യങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ഭരണഘടന അനുശാസിക്കുന്ന ചുമതല കൂടിയാണ്.

ENGLISH SUMMARY:

what is Waqaf and Waqaf amendment bill 2024?