1976ൽ അടിയന്തരാവസ്ഥക്കാലത്താണ് 42ാം ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസം’ ഉള്‍പ്പെടുത്തുന്നത്. ഇതിന്‍റെ സാധുത സംബന്ധിച്ചുള്ള ചോദ്യങ്ങളും പില്‍ക്കാലത്ത് ഉയര്‍ന്നിരുന്നു. ‘സോഷ്യലിസവും’ ‘മതേതരത്വവും’ ഉൾപ്പെടുത്തിയുള്ള ആമുഖത്തിലെ മാറ്റങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അതേസമയം ഇന്ത്യൻ സാഹചര്യത്തിൽ ‘സോഷ്യലിസം’ എന്ന് പറയുന്നത് ക്ഷേമരാഷ്ട്രമാണെന്നും സ്വേച്ഛാധിപത്യ സിദ്ധാന്തമല്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വെള്ളിയാഴ്ച പറഞ്ഞിരുന്നു. വിഷയം വിശാല ബെഞ്ചിനു വിടണമെന്ന ആവശ്യം കോടതി തള്ളി.
1976ൽ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. സോഷ്യലിസത്തിന് മറ്റ് ആശയങ്ങളെ മറികടക്കാൻ കഴിയില്ലെന്നും ഒരു പ്രത്യേക സിദ്ധാന്തം രാജ്യത്തിൻ്റെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റാണെന്നുമാണ് ഹർജിക്കാരന്‍ വാദിക്കുന്നത്. എന്നാല്‍ ഇവിടെ സോഷ്യലിസം എന്നാൽ എല്ലാവർക്കും അവസര സമത്വം ഉണ്ടായിരിക്കേണ്ട ക്ഷേമ രാഷ്ട്രമാണ്. സ്വകാര്യമേഖലയെ വളരുന്നതിൽ നിന്ന് ഒരിക്കലും തടഞ്ഞിട്ടില്ല. നാമെല്ലാവരും സ്വകാര്യമേഖലയിൽ നിന്ന് പ്രയോജനം നേടിയവരാണ്. സോഷ്യലിസം എന്ന ആശയം ഭരണഘടനയുടെ പല അനുച്ഛേദങ്ങളിലൂടെ കടന്നുപോകുന്നെന്നും ചീഫ് ജസ്റ്റിസ് ഖന്ന പ്രതികരിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് പാർലമെൻ്റ് ചെയ്തതെല്ലാം അസാധുവാണെന്ന് പറയാൻ കഴിയില്ലെന്നും വിഷയം പലവട്ടം പരിശോധിച്ചതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സോഷ്യലിസം എന്ന വാക്ക് ലോകമെമ്പാടും വ്യത്യസ്ത സന്ദർഭങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും സഞ്ജീവ് ഖന്ന പറഞ്ഞു. ഇന്ത്യ മതനിരപേക്ഷമാകേണ്ടതില്ലെന്നാണോ ഹർജിക്കാർ ആഗ്രഹിക്കുന്നതെന്നു കോടതി ചോദിച്ചു. 1994ലെ എസ്ആർ ബൊമ്മൈ കേസിൽ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ് ‘മതേതരത്വം’ എന്ന് സുപ്രീം കോടതി വിലയിരുത്തിയതായതായും അദ്ദേഹം വ്യക്തമാക്കി.ഭരണഘടനയുടെ 368-ാം അനുച്ഛേദം ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെൻ്റിന് അധികാരം നൽകിയിട്ടുണ്ടെന്നും അത് ആമുഖത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു.
അതേസമയം, താൻ സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങൾക്ക് എതിരല്ലെന്നും ആമുഖത്തിൽ അവ ചേർക്കുന്നതിനെ എതിർക്കുന്നുവെന്നും മറ്റൊരു ഹര്‍ജിക്കാരനായ അഡ്വക്കേറ്റ് അശ്വിനി ഉപാധ്യായ പറഞ്ഞു. 1976-ലെ ഭരണഘടനാ ഭേദഗതി അടിയന്തരാവസ്ഥക്കാലത്ത് പാസാക്കിയതിനാൽ ജനങ്ങളുടെ അഭിപ്രായം കേൾക്കാതെയാണ് പാസാക്കിയതെന്നും ഇത് ചില പ്രത്യയശാസ്ത്രങ്ങൾ പിന്തുടരാൻ ജനങ്ങളെ നിർബന്ധിക്കുന്നതിന് തുല്യമാണെന്നും അഭിഭാഷകൻ ജെയിൻ വാദിച്ചു.