വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയെ വിലയിരുത്തുന്നത് ശരിയല്ലെന്ന് ഹൈക്കോടതി. പരിഷ്കൃത സമൂഹത്തിൽ ക്ഷമിക്കാനാവാത്ത കാര്യമാണത്. സ്ത്രീയുടെ സ്വഭാവ മഹിമയെക്കുറിച്ച് വസ്ത്രത്തിന്‍റെ അടിസ്ഥാനത്തിൽ അഭിപ്രായം രൂപീകരിക്കുന്നത് പുരുഷ നിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്‍റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു, ഡേറ്റിങ് ആപ്പിൽ ഫൊട്ടോയിട്ടു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നു എന്നിവയുടെ പേരിൽ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കുടുംബക്കോടതി ഉത്തരവിനെതിരെ യുവതി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെ ഉൾപ്പെടെ കുടുംബക്കോടതി കുറ്റപ്പെടുത്തിയിരുന്നു. ഡേറ്റിങ് ആപ്പിൽ തന്‍റെ ഫൊട്ടോയിട്ടത് ഭർത്താവ് തന്നെയായിരുന്നുവെന്ന് ഹർജിക്കാരി അറിയിച്ചു.
ഭർത്താവിൽനിന്നു വിവാഹ മോചനം ലഭിക്കുമ്പോൾ സ്ത്രീകൾ സങ്കടപ്പെടുമെന്ന കുടുംബക്കോടതിയുടെ വിലയിരുത്തൽ സ്ത്രീ വിരുദ്ധമായ മുൻവിധിയാണെന്നു ഹൈക്കോടതി പറഞ്ഞു. സ്ത്രീകൾ കീഴടങ്ങി, പാദസേവ ചെയ്യണമെന്ന വീക്ഷണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. 'ഏത് വസ്ത്രം ധരിക്കുന്നു എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. ഇത് കോടതിയുടെ ഉൾപ്പെടെ സദാചാര പൊലീസിങിന് വിധേയമാക്കേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായങ്ങൾ വിധി ന്യായത്തെ ബാധിക്കരുത്. ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാണു നമ്മുടേത്. അത് ലിംഗഭേദമില്ലാതെ തുല്യാവകാശം ഉറപ്പാക്കുന്നുണ്ട്'. ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഇത്തരമൊരു നിരീക്ഷണം നടത്തേണ്ടിവരുന്നതെന്നും കോടതി പറഞ്ഞു.
ഉഭയസമ്മത പ്രകാരം ഈ വർഷമാദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ എത്തിയത്. ഹർജിക്കാരിയുടെ എട്ടും പത്തും വയസുള്ള കുട്ടികളുമായി കോടതി സംസാരിച്ചു. ഇരുവരും മാതാവിനൊപ്പം കഴിയാനാണ് താൽപര്യമെന്നും അതേസമയം അവധി സമയം പിതാവിനോടൊപ്പം പോകാനും ആഗ്രഹമുണ്ടെന്നും അറിയിച്ചു. ഇതും കണക്കിലെടുത്ത് കുടുംബക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി കുട്ടികളുടെ കസ്റ്റഡി ഹർജിക്കാരിക്ക് അനുവദിച്ചു.