താനെയില്‍ 12 വയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നയാള്‍ക്കുവേണ്ടി ഹാജരാകില്ലെന്ന് ജില്ലാ കോടതി ബാര്‍ അസോസിയേഷന്‍. കല്യാണിന് സമീപം ചക്കിനാക്കയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തി മൃതദേഹം വഴിയില്‍ തള്ളിയ വിശാല്‍ ഗാവ്‍ലിക്കെതിരെയാണ് നീക്കം. അംഗങ്ങളാരും ഗാവ്‍ലിക്കോ ഭാര്യയ്ക്കോ വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് ഡിസ്ട്രിക്ട് കോര്‍ട്ട്സ് ബാര്‍ അസോസിയേഷന്‍ നിര്‍ദേശിച്ചു. ബാര്‍ റൂമില്‍ ഇതുസംബന്ധിച്ച നോട്ടിസ് പതിച്ചതായി അഭിഭാഷകര്‍ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ഭാര്യയുടെ സഹായത്തോടെ ഗാവ്‍ലി ചക്കിനാക്കയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയശേഷം കൊലപ്പെടുത്തി. ഗാവ്‍ലിയും ഭാര്യ സാക്ഷിയും ചേര്‍ന്ന് മൃതദേഹം ബാപ്ഗാവില്‍ കല്യാണ്‍–പാദ്ഗ റോഡില്‍ ഉപേക്ഷിച്ചു. ബുധനാഴ്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡോംബിവ്‍ലിയിലെ മാണ്‍പദയില്‍ ജോലി ചെയ്തിരുന്ന വിശാല്‍ ഗാവ്‍ലി 8 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
ഗാവ്‍ലിയെയും സാക്ഷിയെയും കോടതി വ്യാഴാഴ്ച വരെ റിമാന്‍ഡ് ചെയ്തു. കുട്ടിയെ നിഷ്ഠുരമായി കൊലപ്പെടുത്താനുള്ള കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. ഭാരതീയ ന്യായസംഹിതയിലെ വിവിധവകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും പ്രകാരം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബാലലൈംഗികപീഡനം, ബലാല്‍സംഗം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗാവ്‍ലിക്കും ഭാര്യയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.