'ബന്ധു നിയമനം' എന്ന പ്രയോഗം നമുക്ക് പരിചിതമാണ്. സര്‍ക്കാര്‍ സര്‍വീസിലും ഉന്നത തസ്തികകളിലും സര്‍ക്കാരില്‍ സ്വാധീനമുള്ളവരുടെ ബന്ധുക്കളെ നിയമിക്കുന്നത് വിവാദമാകാറുണ്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ബന്ധുനിയമനത്തെ ചൊല്ലി ഇ.പി.ജയരാജന് സ്ഥാനം രാജിവയ്ക്കേണ്ടിവരെ വന്നു. പിന്നീടും രാജ്യത്ത് ഒട്ടേറെ 'ബന്ധു നിയമന' വിവാദങ്ങളുണ്ടായി. ബന്ധു നിയമനങ്ങള്‍ നീതികേടാണ് എന്നതാണ് പ്രധാന ആക്ഷേപം. നീതി രാഹിത്യത്തിനെ തിരുത്തേണ്ട നീതി ന്യായ സംവിധാനത്തിലും പക്ഷേ വര്‍ഷങ്ങളായി 'ബന്ധു നിയമനം' നിരവധിയാണ്.
ഇന്ത്യയിലെ ഹൈക്കോടതികളിലെ ജഡ്ജിമാരില്‍ അഞ്ചില്‍ നാലുപേരും സുപ്രീം കോടതിയിലെ ജഡ്ജിമാരില്‍ നാലില്‍ മൂന്നുപേരും ജുഡീഷ്യറിയിലെ ഉന്നത പദവികള്‍ വഹിച്ചവരുടെ കുടുംബാംഗങ്ങളാണെന്നാണ് നീതിന്യായ രംഗത്തെ സുതാര്യതയ്ക്കായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലോയേര്‍സ് ക്യാംപെയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ ട്രാന്‍സ്പരന്‍സി & റിംഫോസിന്‍റെ റിപ്പോര്‍ട്ട്.
ജഡ്ജിമാരും കുടുംബ പരമ്പരയും
* ജസ്റ്റിസ് യു.യു.ലളിത് – ബോംബോ ഹൈക്കോടതി മുന്‍ ജഡ്ജി യു.ആര്‍.ലളിതിന്‍റെ മകന്‍
* ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് – മുന്‍ ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡിന്‍റെ മകന്‍
* ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ – ഡൽഹി ഹൈക്കോടതി മുന്‍ ജഡ്ജി നീരജ് കിഷൻ കൗള്‍ സഹോദരന്‍
* ജസ്റ്റിസ് കെ.എം. ജോസഫ് – സുപ്രീം കോടതി മുൻ ജഡ്ജി കെ.കെ.മാത്യുവിന്‍റെ മകന്‍
* ജസ്റ്റിസ് ഹേമന്ത് ഗുപ്ത – പഞ്ചാബ് ഹരിയാന ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ.ഡി.ഗുപ്തയുടെ മകൻ
* ജസ്റ്റിസ് ദിനേശ് മഹേശ്വരി – മുതിർന്ന അഭിഭാഷകൻ രമേഷ് ചന്ദ്ര മഹേശ്വരിയുടെ മകൻ
* ജസ്റ്റിസ് അനിരുദ്ധ ബോസ് – പ്രമുഖ അഭിഭാഷകൻ സോമനാഥ് ബോസിൻ്റെ മകൻ
* ജസ്റ്റിസ് സഞ്ജീവ് ഖന്ന – ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ദേവ് രാജ് ഖന്നയുടെ മകന്‍, സുപ്രീം കോടതി മുന്‍ ജഡ്ജി എച്ച്.ആര്‍.ഖന്നയുടെ അനന്തരവന്‍
* ജസ്റ്റിസ് ബി.വി.നാഗരത്ന - സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഇ.എസ്. വെങ്കിട്ടരാമയ്യയുടെ മകള്‍
* ജസ്റ്റിസ് ബേല എം. ത്രിവേദി – സിറ്റി സിവിൽ കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ത്രിവേദിയുടെ മകള്‍
* ജസ്റ്റിസ് പി.എസ്.നരസിംഹ – ആന്ധ്രാപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി പി.കോദണ്ഡ രാമയ്യയുടെ മകന്‍
* ജസ്റ്റിസ് സുധാന്‍ശു ധുലിയ – അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി കേശവ് ചന്ദ്ര ധൂലിയയുടെ മകൻ
* ജസ്റ്റിസ് ജെ.ബി.പർദിവാല – അഭിഭാഷകനായ ബി.സി.പർദിവാലയുടെ മകൻ
കേരള ഹൈക്കോടതിയിലുമുണ്ട് ബന്ധുപരമ്പരയുടെ ഭാഗമായ ജഡ്ജിമാര്‍
* ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ – ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി എം.എസ്.ജാംദാറിന്‍റെ മകന്‍
* ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍ – കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ.എ.നായരുടെ മകന്‍
* ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ – കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ.കെ.നരേന്ദ്രന്‍റെ മകന്‍
* ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് – സുപ്രീം കോടതി മുന്‍ ജഡ്ജി കെ.ടി.തോമസിന്‍റെ മകന്‍
* ജസ്റ്റിസ് അനു ശിവരാമന്‍ (നിലവില്‍ കര്‍ണാടക ഹൈക്കോടതി) – കേരള ഹൈക്കോടതി മുന്‍ ജഡ്ജി വി.ശിവരാമന്‍ നായരുടെ മകള്‍
(** അവലംബം: നാഷണല്‍ ലോയേര്‍സ് ക്യാംപെയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ ട്രാന്‍സപരന്‍സി & റിംഫോസ്)
ഇവരെല്ലാം ന്യായാധിപർ എന്നനിലയിൽ പ്രഗത്ഭരും ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നിർണായകമായ വിധികൾ പ്രസ്താവിച്ചവരുമാണ്. മുൻഗാമികളെക്കാളും ഖ്യാതി നേടിയവരുമുണ്ട്. ജഡ്ജിമാരുടെ പ്രവർത്തനത്തിലുള്ള വിയോജിപ്പല്ല, നിയമനത്തിലെ അനൗചിത്യമാണ് വിമർശനങ്ങൾക്ക് കാരണം.
ആക്ഷേപങ്ങൾ പരിഗണിച്ച് തിരുത്തലിനൊരുങ്ങുകയാണ് ജഡ്ജിമാരുടെ നിയമനത്തില്‍ തീരുമാനമെടുക്കുന്ന സുപ്രീം കോടതി കൊളീജിയം.
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും നിലവിലെ ജഡ്ജിമാരുടെയും മുൻ ജഡ്ജിമാരുടെയും അടുത്ത ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നത് ഒഴിവാക്കുന്നതിനെക്കുറിച്ച് കൊളീജിയം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇത്തരം നിയമനത്തിനായി ശുപാർശ ചെയ്യരുതെന്ന് ഹൈക്കോടതി കൊളീജിയങ്ങൾക്ക് നിർദ്ദേശം നൽകുന്നതാണ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കോളീജിയത്തിലെ ഒരു മുതിർന്ന ജഡ്ജിയാണ് നിർദേശം മുന്നോട്ടുവച്ചത്. നിയമനങ്ങളിൽ സ്വജന പക്ഷപാതമുണ്ട് എന്ന് ജുഡീഷ്വറിയില്‍നിന്നുതന്നെ ആക്ഷേപം ശക്തമായിരിക്കെയാണ് നിർദേശം. നിർദ്ദേശം അഭിഭാഷകർക്ക് പുതിയ അവസരങ്ങൾ തുറക്കുമെങ്കിലും അർഹരായ ചില ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടമാക്കുമെന്ന വിമര്‍ശനമുണ്ട്.
സുപ്രീം കോടതി അഭിഭാഷകനായ മാത്യൂസ്.ജെ.നെടുമ്പാറ ബന്ധു നിയമനങ്ങള്‍ക്കെതിരെ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഇത്തരം നിയമനങ്ങളുടെ ഉത്തരവാദിത്തം കൊളീജിയത്തിനാണ് എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ജഡ്ജിമാരുടെ നിയമന പ്രക്രിയ പരിഷ്കരിക്കാനുള്ള നീക്കങ്ങള്‍ക്ക് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയുള്‍പ്പെടെ പിന്തുണയും അറിയിച്ചുകഴിഞ്ഞു.