സങ്കീര്‍ണമായ നിയമ പ്രശ്നങ്ങള്‍, ഭരണഘടനാപരമായി ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍, വര്‍ഷങ്ങളായി തീരുമാനമാകാത്ത കേസുകള്‍... സുപ്രീം കോടതിയിലെ എണ്ണമില്ലാത്ത നിയമ വ്യവഹാരങ്ങളില്‍ ജഡ്ജിമാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ചെറുതല്ല. നിരന്തര സമ്മര്‍ദ്ദത്തിന്‍റെ കോടതി അന്തരീക്ഷത്തില്‍നിന്ന് രക്ഷതേടി ഒരു യാത്രയ്ക്കൊരുങ്ങുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും. ആ യാത്രയില്‍ പുതിയ ചരിത്രവും പിറക്കും.
ചരിത്രത്തിലാദ്യമായി സുപ്രീം കോടതിക്ക് പുറത്ത് ഫുള്‍ കോര്‍ട്ട് യോഗം ചേരാനാണ് യാത്ര. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുൾപ്പെടെ 25 ജഡ്ജിമാർ വിശാഖപട്ടണത്താണ് ഫുൾ കോർട്ട് യോഗം ചേരുക. ജനുവരി 11, 12 ദിവസങ്ങളിലായി ചേരുന്ന യോഗത്തില്‍ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചര്‍ച്ചചെയ്യും.
ജഡ്ജിമാർക്ക് സമ്മർദ്ദരഹിതമായ അന്തരീക്ഷമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ചീഫ് ജസ്റ്റിസ് തന്നെയാണ് കോടതിക്കുപുറത്ത്, ഡല്‍ഹിയില്‍നിന്നു മാറി ഫുള്‍ കോര്‍ട്ട് യോഗം എന്ന ആശയം മുന്നോട്ടുവച്ചത്. മുതിർന്ന ജഡ്ജിമാരായ ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി ചീഫ് ജസ്റ്റിസ് ഇക്കാര്യം ചർച്ച ചെയ്തു. കോടതിയുടെ പണം ചെലവഴിക്കുന്നതിനുപകരം ജഡ്ജിമാർ സ്വന്തം ചെലവിൽ യാത്ര ചെയ്യണം, അവധി യാത്ര ആനുകൂല്യം (ലീവ് ട്രാവൽ കൺസഷൻ) പ്രയോജനപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. രണ്ട് ജഡ്ജിമാരും ആശയം അംഗീകരിച്ചു. ജഡ്ജിമാര്‍ക്കൊപ്പം കുടുംബങ്ങളും വിശാഖപട്ടണത്തെത്തും. സുപ്രീംകോടതി ജീവനക്കാരും അവധി യാത്ര ആനുകൂല്യം പ്രയോജനപ്പെടുത്തും.
1954ല്‍ കശ്മീരിലുള്‍പ്പെടെ നേരത്തെ രണ്ടുതവണ സുപ്രീം കോടതി ബെഞ്ച് ഡല്‍ഹിക്ക് പുറത്ത് സിറ്റിങ് നടത്തിയിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതിക്കുപുറത്ത് ഫുള്‍കോര്‍ട്ട് യോഗം ചേരുന്നത് ആദ്യമാണ്.