കോടതി ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീം കോടതി. സ്ത്രീയെ 'വിശ്വസ്തയായ വെപ്പാട്ടി' എന്ന് വിളിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. സ്ത്രീകളുടെ മൗലിക അവകാശങ്ങളെയും അന്തസിനെയും ഹനിക്കുന്ന ഇത്തരം വിശേഷണങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടി. ബോംബെ ഹൈക്കോടതിയുടെ 2004 ലെ വിധിയിലാണ് സ്ത്രീകളെ ലൈംഗികവസ്തുക്കള്‍ മാത്രമായി കാണുന്നതരം പരാമര്‍ശങ്ങളുണ്ടായത്.
വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെടുമ്പോഴും 1955ലെ ഹിന്ദു വിവാഹ നിയമം സെക്ഷൻ 25 പ്രകാരം ജീവിതപങ്കാളിക്ക് സ്ഥിരമായ ജീവനാംശത്തിന് അർഹതയുണ്ടോ എന്ന വിഷയത്തിലെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. അത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ഭരണഘടനയുടെ ധാർമ്മികതയ്ക്കും ആദർശങ്ങൾക്കും എതിരാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഹ്സനുദ്ദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മസി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
'ബോംബെ ഹൈക്കോടതി 'അവിഹിത ഭാര്യ' എന്ന വാക്ക് വിധിന്യായത്തില്‍ ഉപയോഗിച്ചതായി കണ്ടു. നിയമപരമായി വിവാഹം കഴിക്കാതെ മുന്നോട്ടുപോയെരും ബന്ധത്തിലെ സ്ത്രീയെ 'വിശ്വസ്തയായ വെപ്പാട്ടി' എന്ന് വിളിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അസാധുവായ വിവാഹത്തിലുള്ള സ്ത്രീയെ 'അവിഹിത ഭാര്യ' എന്ന് വിളിക്കുന്നത് അനുചിതമാണെന്നും സ്ത്രീയുടെ അന്തസിനെ ബാധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഇത്തരം വിവാഹത്തിലെ പുരുഷന്മാര്‍ക്കെിരെ പ്രയോഗങ്ങളൊന്നും നടത്തിയിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇത്തരം പദപ്രയോഗങ്ങളെന്നും ബെഞ്ച് വ്യക്തമാക്കി.