അറിയാത്ത ഒരു സ്ത്രീക്ക് 'നിന്നെ ഇഷ്ടമാണ് ' എന്ന് പറഞ്ഞ് രാത്രി മോശം വാട്‌സാപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്നത് അശ്ലീലമെന്ന് മുംബൈയിലെ സെഷന്‍സ് കോടതി. മുന്‍ വനിതാ കോര്‍പ്പറേറ്റര്‍ക്ക് മോശം സന്ദേശങ്ങള്‍ അയച്ച കേസില്‍ പ്രതിയുടെ മൂന്നുമാസത്തെ തടവുശിക്ഷ ശരിവച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്‍ജിയുടെ ഉത്തരവ്.
നിന്നെ കാണാന്‍ മെലിഞ്ഞിട്ടാണെന്നും കല്യാണം കഴിഞ്ഞതാണോ എന്നും മറ്റും ചോദിച്ചുള്ള സന്ദേശങ്ങളും മോശം ചിത്രങ്ങളും രാത്രി അയച്ചെന്നാണ് കേസ്. രാത്രി 11നും 12.30നും ഇടയിലാണ‌് സന്ദേശങ്ങള്‍ അയച്ചത്. ഇത്തരം സന്ദേശങ്ങള്‍ അശ്ലീലമാണെന്നും സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിന്‍ഡോഷി കോടതി ജഡ്‌ജി ഡി.ജി ഡോബ്‍ലയുടെ വിധിന്യായം.
സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അശ്ലീലച്ചുവയുള്ള പരാമർശം നടത്തുന്നത് ലൈംഗിക അത്രിക്രമത്തിന്‍റെ പരിധിയിൽ വരുമെന്ന് കേരള ഹൈക്കോടതി മുന്‍പ് പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകന്‍ 'നല്ല ബോഡി സ്ട്രക്‌ചർ' എന്നും അശ്ലീലച്ചുവയുള്ള പരാമർശം നടത്തുകയും, മൊബൈലിൽ അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തെന്ന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.