14 കാരിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ 24 കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. സംഭവം നടക്കുന്ന സമയം 14 വയസുള്ള പെൺകുട്ടി മൂന്ന് രാത്രിയും നാല് പകലും സ്വമേധയാ പ്രതിക്കൊപ്പം താമസിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുമായി പ്രണയത്തിലായിരുന്നു എന്നും സമ്മതപ്രകാരമുള്ള ബന്ധമാണിതെന്നും പെണ്‍കുട്ടി സമ്മതിച്ചതും കോടതി വ്യക്തമാക്കി. ജസ്റ്റിസ് മിലിന്ദ് ജാദവാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
തട്ടികൊണ്ടുപോകല്‍, പീഡനം എന്നി വകുപ്പുകള്‍ ചുമത്തി പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് 19 വയസായിരുന്നു പ്രതിയുടെ പ്രായം. അന്ന് അറസ്റ്റിലായ പ്രതി അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. കേസില്‍ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തയാളാണെന്നതില്‍ സംശയമില്ല. എന്നാല്‍ എന്താണ് ചെയ്യുന്നത് എന്നറിയാന്‍ പെണ്‍കുട്ടിക്ക് മതിയായ അറിവും ശേഷിയും ഉണ്ടായിരുന്നു, കോടതി വ്യക്തമാക്കി. പെൺകുട്ടിക്ക് 14 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ അവളുടെ സമ്മതത്തിൽ കാര്യമില്ലെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്.
വൈദ്യപരിശോധനയ്ക്കിടെ പെൺകുട്ടി നല്‍കിയ മൊഴി പ്രതിയുമായുള്ള അവളുടെ ബന്ധം വെളിവാക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മില്‍ രണ്ടു വര്‍ഷമായി പരിചയത്തിലാണ്. ഇരുവരും തമ്മിൽ ഉഭയ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. പ്രവൃത്തിയെ സംബന്ധിച്ച് അവള്‍ക്ക് അറിയാമായിരുന്നു. പ്രതിയുമായി മകള്‍ക്കുള്ള പ്രണയ ബന്ധത്തെ പറ്റി പെണ്‍കുട്ടിയുടെ അച്ഛന് അറിയാമായിരുന്നുവെന്നും കോടതി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി.
പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾ കർശനമാണെങ്കിലും, നീതി ഉറപ്പാക്കാൻ ജാമ്യം അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ തടസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.