മുടിയെക്കുറിച്ചുള്ള പരാമര്‍ശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. സ്വകാര്യബാങ്ക് ഉദ്യോഗസ്ഥനെതിരായ സഹപ്രവര്‍ത്തകയുടെ പരാതിയിലാണ് നിരീക്ഷണം. നീണ്ടമുടിയുള്ള സഹപ്രവര്‍ത്തകയോട് മുടി കൈകാര്യം ചെയ്യാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിക്കണമല്ലോ എന്ന് പറഞ്ഞ ഉദ്യോഗസ്ഥനെതിരെയായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങളെ ലൈംഗിക പീഡനമായി കാണാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
2021 ജൂണ്‍ 11നായിരുന്നു പരാതിയ്ക്കടിസ്ഥാനമായ സംഭവം. മുടി ഇടയ്ക്കിടെ ഒതുക്കിവയ്ക്കാന്‍ ശ്രമിക്കുന്ന പരാതിക്കാരിയോട് മുടി കൈകാര്യം ചെയ്യാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിക്കണമല്ലോ എന്ന് പറഞ്ഞ് കളിയാക്കുകയും പിന്നാലെ മുടിയെ വര്‍ണിച്ച് പാട്ടുപാടുകയുമായിരുന്നു. ഇതിന്റെ പേരില്‍ യുവതി ബാങ്കില്‍ നിന്ന് രാജിവയ്ക്കുകയും ഉദ്യോഗസ്ഥനെതിരെ ലൈംഗികപീഡനപരാതി നല്‍കുകയുമായിരുന്നു.
2022 ഒക്ടോബറില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ബാങ്ക് തരംതാഴ്ത്തി. ഇന്‍റേണല്‍ കമ്മിറ്റി ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെതിരെ പുനെ ഇന്‍ഡസ്ട്രിയല്‍ കോടതിയില്‍ ഇദ്ദേഹം അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയതോടെയാണ് ആരോപണവിധേയന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കടിസ്ഥാനമായി പറയുന്ന പരാമര്‍ശത്തില്‍ ലൈംഗികാതിക്രമം ഇല്ലെന്നും ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍പ്പോലും കേസെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.