ജസ്റ്റിസ് നിര്‍മല്‍ യാദവ്
പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ ‘വാതില്‍പ്പടി’ കോഴക്കേസില്‍ ആരോപണം നേരിട്ട ജഡ്ജിയെ കുറ്റവിമുക്തയാക്കി സിബിഐ പ്രത്യേക കോടതി. 2008ല്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നിര്‍മല്‍ യാദവിനെയാണ് 17 വര്‍ഷത്തിനുശേഷം വിചാരണക്കോടതി ഒഴിവാക്കിയത്. കൂട്ടുപ്രതികളായ രവീന്ദ്രസിങ് ഭാസിന്‍, രാജീവ് ഗുപ്ത, നിര്‍മല്‍ സിങ് എന്നിവരെയും പ്രത്യേക ജഡ്ജി അല്‍ക മാലിക് കുറ്റവിമുക്തരാക്കി. തെളിവില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി വിധിയെന്ന് അഭിഭാഷകര്‍ പറഞ്ഞു. വിധിപ്പകര്‍പ്പ് ലഭിക്കാനിരിക്കുന്നതേയുള്ളു.
‘വാതില്‍പ്പടി’ കോഴ: 2008 ഓഗസ്റ്റ് 13. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാരില്‍ ഒരാളായ നിര്‍മല്‍ജിത് കൗറിന്‍റെ വീട്ടുപടിക്കല്‍ ഒരാള്‍ ഒരു ബാഗ് എത്തിച്ചു. തുറന്നുനോക്കിയപ്പോള്‍ 15 ലക്ഷം രൂപ. അന്നത്തെ ഹരിയാന അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സഞ്ജീവ് ബന്‍സലിന്‍റെ ക്ലര്‍ക്കാണ് ബാഗ് എത്തിച്ചുപോയത്. അമ്പരന്നുപോയ ജസ്റ്റിസ് കൗര്‍ പ്യൂണിനോട് വിവരം പൊലീസില്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ചണ്ഡിഗഢ് പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.
ഇതേപ്പറ്റി ജസ്റ്റിസ് കൗര്‍ പിന്നീട് വിഡിയോ കോണ്‍ഫറന്‍സില്‍ വിവരിച്ചത് ഇങ്ങനെ: ‘ഞാന്‍ രാവിലെ അച്ഛനൊപ്പം ഇരുന്ന് ഒരു ആപ്പിള്‍ കഴിക്കുകയായിരുന്നു. അച്ഛന്‍ പതിവുപോലെ ഒരു ഡ്രിങ്കും കഴിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ പ്യൂണ്‍ അമ്രിക് കയറിവന്നുപറഞ്ഞു, ‘മാഡം, ഒരാള്‍ ഒരു കടലാസ് പൊതി കൊണ്ടുവന്നിരിക്കുന്നു.’ തുറന്നുനോക്കാന്‍ ഞാന്‍ പറഞ്ഞു. ടേപ്പ് ഒട്ടിച്ച പൊതി തുറക്കാന്‍ അമ്രിക് പാടുപെട്ടു. ഒടുവില്‍ അത് വലിച്ചുകീറിയപ്പോള്‍ നോട്ടുകെട്ടുകളാണ് കണ്ടത്. പൊതി കൊണ്ടുവന്നവനെ പിടിക്കാന്‍ ഞാന്‍ അമ്രിക്കിനോട്് പറഞ്ഞു. ഉടന്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു.’
ജസ്റ്റിസ് നിര്‍മല്‍ജിത് കൗര്‍
മിനിറ്റുകള്‍ക്കകം അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സഞ്ജിവ് ബന്‍സല്‍ ജസ്റ്റിസ് നിര്‍മല്‍ കൗറിനെ വിളിച്ചു. ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് നിര്‍മല്‍ യാദവിന് കൊടുത്തയച്ചതായിരുന്നു പണമെന്നും ക്ലര്‍ക്കിന് ആളുമാറിപ്പോയതാണെന്നും പറഞ്ഞു. അപ്പോഴേക്കും ജസ്റ്റിസ് കൗറിന്‍റെ പ്യൂണ്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. പേരിലെ സാമ്യം കോഴപ്പണം കാരണം ആളുമാറി ജസ്റ്റിസ് നിര്‍മല്‍ കൗറിന്‍റെ വീട്ടിലെത്തിച്ചെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍.
തുടര്‍ന്ന് ചണ്ഡിഗഢ് ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഉത്തരവനുസരിച്ച് കേസ് സിബിഐയ്ക്ക് കൈമാറി. സിബിഐ തെളിവില്ലെന്നുപറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി തള്ളി. 2009 ജനുവരിയില്‍ ജസ്റ്റിസ് നിര്‍മല്‍ യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ഹൈക്കോടതിയുടെ അനുമതി തേടി. 2010ല്‍ കോടതി പ്രോസിക്യൂഷന്‍ അനുമതി നല്‍കി. ഇതിനെതിരെ ജസ്റ്റിസ് യാദവ് നല്‍കിയ ഹര്‍ജി തള്ളി.
പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി മന്ദിരം
2011 മാര്‍ച്ചില്‍ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ജസ്റ്റിസ് നിര്‍മല്‍ യാദവും ബന്‍സലും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനിടെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് യാദവ് 2011 മാര്‍ച്ചില്‍ വിരമിച്ചു. തുടര്‍ന്ന് കേസ് റദ്ദാക്കാന്‍ അവര്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനുപിന്നാലെ ജസ്റ്റിസ് യാദവ് സുപ്രീംകോടതിയെ സമീപിച്ചു. തെളിവില്ലാത്ത കേസായതിനാല്‍ കുറ്റംചുമത്തുന്നതില്‍ നിന്ന് വിചാരണക്കോടതിയെ തടയണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സുപ്രീംകോടതിയും കനിഞ്ഞില്ല.
വിചാരണയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് ജസ്റ്റിസ് നിര്‍മല്‍ യാദവ് 2014ല്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ കേസ് വൈകിപ്പിക്കാന്‍ നടത്തുന്ന ശ്രമിക്കുന്നുവെന്നാരോപിച്ച് സുപ്രീംകോടതി ജസ്റ്റിസ് യാദവിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. 2014ല്‍ സിബിഐ പ്രത്യേക ജഡ്ജി വിമല്‍ കുമാര്‍ അഞ്ച് പ്രതികള്‍ക്കുമെതിരെ അഴിമതി, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തി. പ്രോസിക്യൂഷന്‍ 84 സാക്ഷികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 69 പേരെ മാത്രമേ വിസ്തരിച്ചുള്ളു. മുഖ്യപ്രതിയായിരുന്ന സഞ്ജീവ് ബന്‍സല്‍ 2016ല്‍ അന്തരിച്ചു. 2017ല്‍ കേസില്‍ നിന്ന് ബന്‍സലിന്‍റെ പേര് ഒഴിവാക്കി.