ANI_20240414081

TOPICS COVERED

സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർമാർ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണം. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.   

മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ച് അയക്കുകയാണെങ്കിൽ അത് മൂന്ന് മാസത്തിനുള്ളിൽ തന്നെ വേണം. ഗവര്‍ണര്‍ തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ അതിന് ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണം. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരം ബില്ല് തിരിച്ചയക്കുകയോ, രാഷ്ട്രപതിക്കയക്കുകയോ ചെയ്യുന്നെങ്കിൽ അത് ഒരു മാസത്തിനകം വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരമാണ് ഗവർണർമാർ തീരുമാനമെടുക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധി ഡിഎംകെ നയത്തിന്റെ വിജയമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രതികരിച്ചു.

ENGLISH SUMMARY:

The Supreme Court has ruled that governors must make decisions on state bills within three months. If bills are re-passed by the legislature, governors must approve them within a month. This ruling clarifies the constitutional limitations on governors' powers.