സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. തമിഴ്നാട് ഗവര്‍ണര്‍ കേസിലെ വിധിയിലാണ് നിര്‍ദേശം. രാഷ്ട്രപതി അനുമതി നിഷേധിച്ചാല്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാം. ഓര്‍ഡിനന്‍സുകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നിയമസഭ പാസാക്കിയ 10 ബില്ലുകളാണ് തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ചത്. വീണ്ടും സഭ പാസാക്കിയതോടെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. രണ്ടാമതും നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നത് അന്യായവും തെറ്റായ കീഴ്വഴക്കവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ബില്ലിന്‍മേല്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നിയമപരമായി അസാധുവായിരിക്കുമെന്നും, ഗവര്‍ണറുടെ പരിഗണനയ്ക്കായി 10 ബില്ലും രണ്ടാമതും ലഭിച്ച സമയം മുതല്‍ അവയ്ക്ക് അനുമതി ലഭിച്ചതായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.