വോട്ടിങ് മെഷീന്‍റെ സുരക്ഷയില്‍ ഗുരുതര വീഴ്ചയെന്ന ആരോപണവുമായി വീണ്ടും എന്‍സിപി ശരദ് പവാര്‍ വിഭാഗം. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമിന് സമീപം എത്തിയ അജ്ഞാതന്‍ സിസിടിവി ഓഫാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ഥാനാര്‍ഥി നിലേഷ് ലങ്കെ ഇതിന്‍റെ ദൃശ്യങ്ങളും എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചു.
സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വീണ്ടും വോട്ടിങ് മെഷീനിന്‍റെ സുരക്ഷ ചര്‍ച്ചയാകുകയാണ്. അഹമ്മദ്‌നഗറിലെ എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ഥി നിലേഷ് ലങ്കെയാണ് പരാതി ഉന്നയിച്ചത്. മണ്ഡലത്തിലെ ഇവിഎം സൂക്ഷിച്ച സ്ട്രോങ്റൂമിന് സമീപം അജ്ഞാതന്‍ എത്തിയെന്നും ഇയാള്‍ സിസിടിവി ക്യാമറകള്‍ ഓഫാക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇയാളെ തടഞ്ഞത്. ത്രിതല സുരക്ഷ ഉണ്ടായിട്ടും ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചു. ഇതിന്‍റെ ദൃശ്യങ്ങളും നിലേഷ് ലങ്കെ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചു. ഇതില്‍ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഏതാനും ദിവസം മുന്‍പ് ബാരാമതിയിലെ സ്ഥാനാര്‍ഥി സുപ്രിയ സുളെയും ഇവിഎം വീഴ്ച പുറത്തുവിട്ടിരുന്നു. ബാരാമതിയിലെ ഇവിഎം സൂക്ഷിച്ച് സ്ട്രോങ് റൂമിന് മുന്നിലെ സിസിടിവി 45 മിനിറ്റോളം പ്രവര്‍ത്തന രഹിതമായെന്നായിരുന്നു ആരോപണം. എന്നാല്‍ അറ്റകുറ്റപ്പണിക്കിടെ സിസിടിവി ഓഫാക്കിയതാണെന്നായിരുന്നു റിട്ടേണിങ് ഓഫിസറുടെ വിശദീകരണം. ബാരാമതി, അഹമ്മദ്‌നഗര്‍ മണ്ഡലങ്ങളില്‍ അജിത് പവാര്‍ വിഭാഗം വ്യാപകമായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും കള്ളവോട്ട് ചെയ്തെന്നുമുള്ള ആരോപണവും ശരദ് പക്ഷം ഉയര്‍ത്തിയിരുന്നു.