Narendra-Modi

ഗാന്ധി എന്ന ചിത്രം പുറത്തിറങ്ങിയ ശേഷമാണ് മഹാത്മാ ഗാന്ധി എന്ന വ്യക്തിയെ ലോകം അറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് ഒന്നുമറിയില്ലായിരുന്നുവെന്നും മോദി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കിയതിന് ശേഷമാണ് ലോകം മഹാത്മാ ഗാന്ധിയെക്കുറിച്ചറിഞ്ഞതെന്ന മോദിയുടെ വാക്കുകള്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

'മഹാത്മാഗാന്ധി ലോകത്തിലെ ഒരു മഹാത്മാവായിരുന്നു. 75 വർഷത്തിനിടെ അദ്ദേഹ​ത്തിന്റെ മഹത്വം ലോകത്തെയറിയിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയായിരുന്നു. പക്ഷേ ആരും അതെ കുറിച്ച് മനസിലാക്കിയില്ല. എന്നാൽ ഗാന്ധി സിനിമ പുറത്തിറങ്ങിയതോടെ അദ്ദേഹത്തെ ലോകമറിഞ്ഞു. എന്നോട് ക്ഷമിക്കൂ.. നമ്മളത് ചെയ്തില്ല' എന്നായിരുന്നു മോദി അഭിമുഖത്തിനിടെ പറഞ്ഞത്. 

മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ഡേലയെയും പോലുളള നേതാക്കളെ ലോകത്തിന് നന്നായി അറിയാം. എന്നാൽ ഗാന്ധിജിയെ കുറിച്ച് ലോകം അറിയാതെ പോയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടും സ‍ഞ്ചരിച്ച ശേഷമാണ് താനിത് പറയുന്നതെന്നും മോദി അവകാശപ്പെട്ടു. അഭിമുഖത്തിലെ ഈ പ്രസക്ത ഭാഗം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മഹാത്മാ ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് മോദിയുടെ  ശ്രമമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് എക്സിൽ കുറിച്ചു. 

ENGLISH SUMMARY:

World got to know Mahatma Gandhi from movie; Modi claims