മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞത് 'ഗാന്ധി' സിനിമയിലൂടെയെന്ന മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യം. ആര്‍എസ്എസ് ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെടുത്തുന്നവർ, ഗോഡ്‌സെയുടെ പാത പിന്തുടരുന്നു എന്ന് രാഹുൽ ഗാന്ധി. മോദിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന്പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഗാന്ധിജിക്ക് ആരുടെയും സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ലായിരുന്നുവെന്നും എക്സില്‍ കുറിച്ചു.
1982 ൽ റിച്ചാർഡ് ആറ്റൻബറോ 'ഗാന്ധി' സിനിമ പുറത്തിറക്കും വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു നരേന്ദ്രമോദിയുടെ പരാമർശം. പ്രസ്താവന പുറത്തുവന്ന ഉടൻ പ്രതിപക്ഷം ശക്തമായ വിമര്‍ശനമുയര്‍ത്തി.
ഡൽഹിയിലെ ഗ്യാരാമൂർത്തി ശില്‍പത്തിന് മുന്നിൽനിന്ന് ചിത്രീകരിച്ച വീഡിയോ മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയത്. ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെട്ട്, ഗോഡ്‌സെയുടെ പാത പിന്തുടരുന്നവർക്ക് ഗാന്ധിജിയെ മനസ്സിലാക്കാനാകില്ല. ഗാന്ധിജി ലോകത്തിനാകെ പ്രചോദനമാണെന്നും രാഹുൽ.
ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനുള്ള ശ്രമമെന്ന്കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ളവർ. മോദി ഇത്തരമൊരു പ്രസ്താവന നടത്തിയതിൽ അത്ഭുതമില്ലെന്നും ഗോഡ്‌സെയോട് അഭിനിവേശമുള്ളവർക്ക് സ്വാഭാവികമായും ഗാന്ധിയെക്കുറിച്ച് അറിയില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് എക്‌സിൽ പരിഹസിച്ചു.
മോദിയുടെ അവകാശവാദം ഞെട്ടിപ്പിക്കുന്നതാണന്നും ഗാന്ധിജിയുടെ സമാനതകളില്ലാത്ത പൈതൃക 0 ഇല്ലാതാക്കാൻ ആകില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.