അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച. അരുണാചലില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരം പിടിച്ചു. 19 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ഒറ്റ സീറ്റില്‍ മാത്രം. സിക്കിം തൂത്തുവാരിയ നിലവിലെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച ആകെയുള്ള 32 സീറ്റില്‍ 31 ഇടത്ത് ലീഡ് ചെയ്യുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണമാറ്റമില്ല. അരുണാചലില്‍ ബിജെപി 60ല്‍ 46 സീറ്റ് നേടി തിളക്കമാര്‍ന്ന ജയം േനടി. എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയിന്‍ എന്നിവരടക്കം 10 ബിജെപി സ്ഥാനാര്‍ഥികള്‍ വോട്ടെടുപ്പിന് മുന്‍പേ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് മല്‍സരിച്ചത് 19 സീറ്റില്‍. ലീഡ് ചെയ്യുന്നത് ഒറ്റ സീറ്റില്‍ മാത്രം. പ്രാദേശിക പാര്‍ട്ടിയായ എന്‍.പി.ഇ.പി അഞ്ച് സീറ്റോടെ രണ്ടാമതെത്തി. സിക്കിമില്‍ ആകെയുള്ള 32 സീറ്റില്‍ 31 ഉം തൂത്തുവാരിയ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച വമ്പന്‍ ജയത്തിലേക്ക്.
മുഖ്യമന്ത്രിയും എസ്.കെ.എം അധ്യക്ഷനുമായ പ്രേം സിങ് തമങ് 7,044 വോട്ടിന് വിജയിച്ചു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ജയിച്ചത് ഒരിടത്തുമാത്രം. SDFനായി രംഗത്തിറങ്ങിയ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈചിങ് ബൂട്ടിയടക്കം തോറ്റു. 10 വര്‍ഷത്തിനിടെ ബൈചിങ് ബൂട്ടിയയുടെ ആറാം തിരഞ്ഞെടുപ്പ് തോല്‍വി. ഈ തിരഞ്ഞെടുപ്പിലും സിക്കിമില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വലിയ റോളില്ല. ഏപ്രില്‍ 19നാണ് രണ്ട് സംസ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടന്നത്. അരുണാചലിലെ രണ്ട് ലോക്സഭ സീറ്റിലും സിക്കിമിലെ ഒരു ലോക്സഭ സീറ്റിലും മറ്റന്നാള്‍ വോട്ടെണ്ണും.