up-cctv-clip

ഉത്തര്‍പ്രദേശില്‍ പലയിടത്തും പ്രതിപക്ഷ പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പാർട്ടി പ്രവർത്തകരെ വോട്ടെണ്ണലിൽ പങ്കെടുക്കാൻ കഴിയാത്തവിധം പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് തടഞ്ഞുവച്ചിരിക്കുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ഇത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും വീട്ടുതടങ്കലില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ എത്രയും വേഗം മോചിപ്പിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇലക്ഷൻ കമ്മീഷനെയും പൊലീസ് മേധാവിയെയും സുപ്രീംകോടതിയെയും ടാഗ് ചെയ്താണ് അഖിലേഷ് യാദവ് പോസ്റ്റ് പങ്കുവച്ചത്. 'ഉത്തർപ്രദേശിലെ മിർസാപൂർ, അലിഗഡ്, കനൗജ് എന്നിവിടങ്ങളൊഴികെ പല ജില്ലകളിലും ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് ഭരണകൂടവും പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കുന്നു. ഈ വസ്തുത തിരിച്ചറിഞ്ഞ് യുപി പൊലീസ് എത്രയും വേഗം നടപടികള്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ അവര്‍ക്ക് വോട്ടെണ്ണലില്‍ പങ്കെടുക്കാന്‍ കഴിയാതെ ആകും'.

'എല്ലാവര്‍ക്കും അവരുടെ വോട്ട് സംരക്ഷിക്കാൻ അവകാശമുണ്ട്, കോടതി സ്ഥാപിച്ച ക്യാമറകൾക്ക് മുന്നിൽ പോലും തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ചങ്കൂറ്റമുള്ള ഒരു സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇത് അതിലും കൂടുതലാണ്. എല്ലാ പാർട്ടികളും സമാധാനപരമായി പ്രവർത്തിക്കുമ്പോൾ, സർക്കാരും ജില്ലാ ഭരണകൂടങ്ങളും പൊതുജന രോഷത്തിന് ഇടയാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്.  പക്ഷപാതപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ  മാറ്റി സമാധാനപരമായ അന്തരീക്ഷത്തിൽ വോട്ടെണ്ണൽ പൂർത്തിയാക്കണം' എന്നാണ് അഖിലേഷ് യാദവ് എക്സില്‍ കുറിച്ചത്. കുറിപ്പിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടിന് മുന്നില്‍ തമ്പടിച്ചിരിക്കുന്ന പൊലീസ് സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും അഖിലേഷ് യാദവ് പങ്കുവച്ചു. 

ENGLISH SUMMARY:

Akhilesh Yadav alleges Opposition workers under house arrest, shares CCTV footage