തനിക്ക് വിജയിക്കാനായത് മോദിയുടെ പേര് കാരണമാണെന്ന് കങ്കണ റണൗട്ട്. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കങ്കണ റണൗട്ട്. കങ്കണയുടെ രാഷ്ട്രീയ പ്രവേശനം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. എഴുപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അവരുടെ വിജയം.
എതിരാളിയായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്രമാദിത്യ സിങ്ങിനെതിരെയും അവര്‍ രംഗത്തെത്തി. അദ്ദേഹത്തിന് ഇനി പെട്ടിയും പൂട്ടി പോകാമെന്നും അവര്‍ പരിഹസിച്ചു.
കങ്കണ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് മണ്ഡിയില്‍ നില്‍ക്കുന്നതെന്നും തിരഞ്ഞെടുപ്പിന് ശേഷം അവര്‍ മുംബൈയിലേക്ക് തിരികെ പോകുമെന്നുമായിരുന്നു പ്രചാരണകാലത്ത് കങ്കണയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നത്.അതിന് മറുപടിയായാണ് താരം വിക്രമാദിത്യ സിങ്ങിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നത്.
ഒരു സ്ത്രീയെ തെറ്റിദ്ധരിച്ചതിന്‍റെ പരിണിതഫലങ്ങള്‍ അവര്‍ അനുഭവിക്കണം. തങ്ങള്‍ക്ക് വോട്ട് കിട്ടിയത് അതിന്‍റെ തെളിവാണ്. മണ്ഡി ഒരിക്കലും അതിന്‍റെ പെണ്‍മക്കളെ അപമാനിച്ചാല്‍ നോക്കിനില്‍ക്കില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.