ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിയുടെ തേരോട്ടത്തിന് തടയിട്ടത് അഖിലേഷ് യാദവാണ്. കഴിഞ്ഞ തവണത്തെ അഞ്ചു സീറ്റില്‍നിന്ന് 37ലേക്ക് എസ്.പി വന്‍തിരിച്ചുവരവ് നടത്തി. ബംഗാളില്‍ മമതയും കരുത്ത് തെളിയിച്ചു. എന്നാല്‍ ബിഹാറില്‍ തേജസ്വി യാദവിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല.
ഇത് അഖിലേഷിന്‍റെ തിരിച്ചുവരവ്. പരാജയപ്പെട്ട പരീക്ഷണങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അഖിലേഷ് ഒടുവില്‍ സമാജ് വാദി പാര്‍ട്ടിയെ വിജയപാതയിലേക്ക് നയിച്ചിരിക്കുന്നു. മായാവതിയുടെ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയ 2019ല്‍ അഖിലേഷിന് നഷ്ടമായിരുന്നു ഫലം. അന്ന് ലഭിച്ചത് വെറും അഞ്ച് സീറ്റ്, ബി.എസ്.പി 10 സീറ്റും നേടി. ഇത്തവണ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഇന്ത്യാ സഖ്യത്തിന്‍റെ ബലത്തില്‍ എസ്.പി നേടിയത് 37 സീറ്റ്. പിതാവ് മുലായം സിങ് യാദവിന്‍റെ വിയോഗശേഷമുള്ള ആദ്യതിരഞ്ഞെടുപ്പില്‍ അഖിലേഷ് പിതാവിന്‍റെ വഴിയേ കരുത്തനാകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – എസ്.പി സഖ്യം പരാജയപ്പെട്ടപ്പോളേറ്റ പരിഹാസത്തിന് മറുപടിയും നല്‍കുന്നു അഖിലേഷ്. അംഗബലത്തില്‍ ഇന്ത്യാ സഖ്യത്തില്‍ രണ്ടാമത്തെ കക്ഷിയാണ് എസ്.പി.
ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഒരിക്കല്‍ക്കൂടി ശക്തി തെളിയിച്ചു. ഇത്തവണ ബി.ജെ.പിയും ഇന്ത്യാ സഖ്യവുമായും പോരാടി 29 സീറ്റിലാണ് തൃണമൂല്‍ വിജയിച്ചത്. കഴിഞ്ഞതവണ 22 ആയിരുന്നു. ബി.ജെ.പി 18ല്‍നിന്ന് 12 ആ ക്കി ചുരുക്കി. തൃണമൂലിനും നേതാവ് ഷാജഹാന്‍ ഷെയ്ഖിനുമെതിരെ ജനകീയ പ്രക്ഷോഭം ആളികത്തിയ സന്ദേശ് ഖലിയിലും പാര്‍ട്ടി പിടിച്ചുനിന്നു. വിവാദങ്ങള്‍ക്കും ലോക്സഭയില്‍നിന്നുള്ള പുറത്താക്കലിനുമൊടുവിലും മഹുവാ മൊയ്ത്രയും വിജയം നേടി. ഇന്ത്യാ സഖ്യത്തിന്‍റെ യുവനേതാവ് തേജസ്വി യാദവിന് ബിഹാറില്‍ ആര്‍.ജെ.ഡിയെ പ്രതീക്ഷിച്ച വിജയത്തിലെത്തിക്കാനായില്ല. കഴിഞ്ഞ തവണത്തെ പൂജ്യത്തില്‍ നിന്ന് 2014ലെതിന് സമാനമായി നാല് സീറ്റുമാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന്‍റെ മൂന്നുസീറ്റുള്‍പ്പെടെ ഇന്ത്യാസഖ്യത്തിന്‍റെ ആകെ സീറ്റ് 9 ആക്കിയതില്‍ മാത്രമാണ് തേജസ്വിക്ക് ആശ്വാസം.