അപ്രതീക്ഷിതമായി ‘കിങ് മേക്കറുടെ’റോളിലേക്ക് ചന്ദ്രബാബു നായിഡു ഉയര്‍ന്നതോടെ ആന്ധ്രയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ച സജീവം. ചന്ദ്രബാബു നായിഡു കേന്ദ്രമന്ത്രിസഭയില്‍ പ്രധാന പദവി സ്വീകരിച്ചാല്‍ മകന്‍ നാര ലോകേഷ് മുഖ്യമന്ത്രിയായേക്കും. നിലവില്‍ ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
അഞ്ചുവര്‍ഷമായി അടക്കിവച്ചിരുന്ന ആഹ്ലാദമാണ് ആന്ധ്രയില്‍ കണ്ടത്, ആന്ധ്രമുഴുവനും ടിഡിപിയുടെ മഞ്ഞയില്‍ നിറഞ്ഞാടി. 2019ല്‍ ജഗന്‍ മോഹന്റെ തേരോട്ടത്തില്‍ 23 സീറ്റിലേക്ക് ഒതുങ്ങി ടിഡിപി, അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡുവിന്റെ ജയില്‍ വാസംകൂടിയായപ്പോള്‍ പാര്‍ട്ടിയുടെ നിറംമങ്ങി. എന്നാല്‍ ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്ന ചിന്തയില്‍ പ്രവര്‍ത്തിച്ചതോടെ ഫലം മാറി മറഞ്ഞു. ചന്ദ്ര ബാബു നായിഡു ജയിലില്‍ ആയിരുന്നപ്പോള്‍ മകന്‍ നാരാ ലോകേഷാണ് ടിഡിപിയെ നയിച്ചത്. കഴിഞ്ഞവര്‍ഷം നാരാ ലോകേഷ് നടത്തിയ പദയാത്ര പാര്‍ട്ടിക്ക് പുതുഊര്‍ജം നല്‍കി.
ചന്ദ്ര ബാബുവിന് ഒരു അവസരം കൂടി എന്ന് ആന്ധ്ര ജനതയും തീരുമാനിച്ചതോടെ ടിഡിപി 135 സീറ്റുകളില്‍ ജയിച്ചുകയറി. ഒപ്പം നിന്ന ജനസേന പാര്‍ട്ടി 21 സീറ്റിലും ബിജെപി എട്ടുസീറ്റിലും ജയിച്ചതോടെ 175 സീറ്റില്‍ 164 സീറ്റ് എന്ന നിലയിലായി. 2019ല്‍ 151 സീറ്റുകള്‍ ഒറ്റക്ക് നേടിയ ജഗന്‍ മോഹന്റെ പാര്‍ട്ടി 11 സീറ്റിലേക്ക് ചുരുങ്ങി. നാണം കെട്ട തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനവും നഷ്ടമായ ജഗനെയും പാര്‍ട്ടിയെയും തീര്‍ക്കുകയാവും ചന്ദ്ര ബാബു നായിഡുവിന്റെ ആദ്യ ലക്ഷ്യം.
ആന്ധ്രക്ക് പ്രത്യേക പദവിയും അമരാവതിയെ ലോക നിലവാരമുള്ള തലസ്ഥാനവുമാക്കുകയുമാണ് ചന്ദ്ര ബാബുവിന്റെ മറ്റുലക്ഷ്യങ്ങള്‍. അപ്രതീക്ഷിതമായി എന്‍ഡിഎ സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷം ലഭിക്കാതായതോടെ ചന്ദ്ര ബാബു നായിഡു കിങ് മേക്കറുടെ റോളിലേക്ക് മാറി. കേന്ദ്രമന്ത്രി സഭയിലെത്തിയാല്‍ 41കാരനായ മകന്‍ നാരാ ലോകേഷ് ആകും ആന്ധ്രയുടെ മുഖ്യമന്ത്രി.