Untitled design - 1

മുസ്‌ലിം, മുസല്‍മാന്‍, മുസ്‌ലിം സംവരണം, മുസ്‌ലിം പ്രീണനം, മുസ്‌ലിം ബജറ്റ് ഇങ്ങനെ 'മുസ്‌ലിം ' മുമ്പെങ്ങുമില്ലാത്ത പോലെ നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പായിരുന്നു നമ്മള്‍ ഇത്തവണ കണ്ടത്.  തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തെളിയുന്ന മുസ്ലിം ചിത്രമെന്താണ് ? എത്ര മുസ്ലിങ്ങള്‍ മല്‍സരിച്ചു? എത്രപേര്‍ ജയിച്ചു. ആര്‍ക്കാണ് മുസ്‌ലിം വോട്ടുകള്‍ കിട്ടിയത്? വിഡിയോ കാണാം... 

 

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 2011 സെന്‍സസ്‍ അനുസരിച്ച് 14.2 ശതമാനമാണ് രാജ്യത്തെ മുസ്‌ലിം ജനസംഖ്യ. ഇത്തവണ 543 അംഗ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളത് 24 പേരാണ്.  അതായത് ലോക്സഭയുടെ അംഗബലത്തിന്‍റെ 4.42 ശതമാനം. ജനസംഖ്യയിലെ അത്ര തന്നെ വിഹിതമായിരുന്നു സഭയിലെങ്കില്‍ 77 മുസ്‌ലിം സമുദായാംഗങ്ങള്‍ ഈ സഭയിലുണ്ടാകേണ്ടിയിരുന്നു. കഴിഞ്ഞ ലോക്സഭയില്‍ 26 അംഗങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുണ്ടായിരുന്നു.  അതിന് മുന്‍പ് 23 പേര്‍.  1980 ലെ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്ന സഭയിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം അംഗങ്ങളുണ്ടായിരുന്നത്. 49 പേര്‍.  തൊട്ടടുത്ത സഭയില്‍ അതായത് 1984 ലെ തിരഞ്ഞെടുപ്പില്‍ 46 മുസ്‌ലിം അംഗങ്ങളുണ്ടായിരുന്നു. 

2014 തിരഞ്ഞെടുപ്പിലാണ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. അന്നു മുതല്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ 'മുസ്‌ലിം' പതിവില്ലാത്ത പോലെ നിറഞ്ഞു. എന്നാല്‍ പ്രാതിനിധ്യം പതിവില്ലാത്ത വണ്ണം കുറയുകയും ചെയ്തു. ഭൂരിപക്ഷ മതവിഭാഗത്തിന്‍റെ ഏകീകരണം രാഷ്ട്രീയ ലക്ഷ്യമായപ്പോള്‍ മുസ്‌ലിം പ്രീണനം എന്ന ആരോപണം എല്ലാ കക്ഷികളും ഭയന്നു. മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അറച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 34 മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കിയെങ്കില്‍ ഇത്തവണ അത് 19 ആയി കുറച്ചു. കോണ്‍ഗ്രസ് ആകെ മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം 421 ല്‍ നിന്ന് 328 ആയി കുറഞ്ഞു എന്നത് വസ്തുതയാണ്. പക്ഷേ പാര്‍ട്ടിയുടെ സീറ്റ് കുറഞ്ഞതിന്‍റെ ഇരട്ടി അനുപാതത്തിലാണ് മുസ്‌ലിം ടിക്കറ്റ് കുറഞ്ഞത്. ഇന്ത്യാ ബ്ലോക്കിലെ മറ്റു പാര്‍ട്ടികളും ഇങ്ങനെതന്നെയാണ് ചെയ്തത്. തൃണമൂല്‍ 2019 ല്‍ 13 മുസ്ലിങ്ങളെ  സ്ഥാനാര്‍ഥിയാക്കിയെങ്കില്‍ 2024 ല്‍ അത് ആറാക്കി. സമാജ് വാദി പാര്‍ട്ടി 2019 ല്‍ 8 പേര്‍ക്ക് ടിക്കറ്റ് കൊടുത്തത് ഇത്തവണ പകുതിയാക്കി. കഴിഞ്ഞ തവണ 61 പേരെ നിര്‍ത്തിയ ബിഎസ്പി ഇത്തവണ അത് 35 ആക്കി കുറച്ചു. ബിജെപി രാജ്യത്ത് ആകെ ഒരു മുസ്ലിമിനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. മലപ്പുറത്ത്. ഡോക്ടര്‍ അബ്ദുള്‍ സലാം.

എന്‍ഡിഎ സഖ്യത്തിലെ ജെഡിയു ബിഹാറില്‍ ഒരു മുസ്ലിമിന് ടിക്കറ്റു കൊടുത്തു. ഈ തിരഞ്ഞെടുപ്പില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കാകെ 78 മുസ്ലിം സ്ഥാനാര്‍ഥികളുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 115 ആയിരുന്നു.

ഇവരില്‍ നിന്ന് ജയിച്ചെത്തിയ 24 പേരുടെ പാര്‍ട്ടി വിവരങ്ങള്‍ ഇങ്ങനെ:

കോണ്‍ഗ്രസ് 7

തൃണമൂല്‍ 5

സമാജ് വാദി പാര്‍ട്ടി 4

മുസ്‌ലിം ലീഗ് 3

നാഷണല്‍ കോണ്‍ഫറന്‍സ് 2

എഐഎംഐഎം 1, സ്വതന്ത്രര്‍ 2

മുസ്‌ലിം മുദ്രാവാക്യങ്ങളുയര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരല്ല ഇവര്‍.  മുസ്‌ലിം ലീഗിഗിനും എഐഎംഐഎമ്മിനും പാര്‍ട്ടിപേരിലെ പ്രത്യേകതയുണ്ടെന്ന് പറയാം. പട്ടികയില്‍ കണ്ടതുപോലെ മുഖ്യധാരാ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം നാമധാരികള്‍ക്ക് പോലും തിരഞ്ഞെടുപ്പ് രംഗത്തെത്തുമ്പോള്‍ മതം ചര്‍ച്ചാവിഷയമാകുന്നത് കാണേണ്ടി വരുന്നു എന്നത് ഇപ്പോഴത്തെ ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്.

ഈ 24 പേരില്‍ 12 പേരുടെയും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി മറ്റു സമുദായങ്ങളില്‍ നിന്നുള്ളവരായിരുന്നു. എംപിമാരുടെ മാത്രമല്ല എംഎല്‍എമാരുടെ കണക്കെടുത്താലും മുസ്ലിം  സമുദായത്തിന് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് കാണാം. വിവിധ സംസ്ഥാനങ്ങളിലായി  4000 ലധികം എംഎല്‍എമാരുള്ളതില്‍  6 ശതമാനം മാത്രം മുസ്ലിം പ്രാതിനിധ്യം.

മുസ്ലിം വോട്ട് ബാങ്ക് എന്ന് എപ്പോഴും പറയുമെങ്കിലും ഒറ്റ വിഷയം മുന്‍ നിര്‍ത്തി ഒരേ പോലെ ചിന്തിച്ച് വോട്ടുചെയ്യുന്നവരല്ല ഇന്ത്യന്‍ മുസ്്ലിങ്ങളെന്നാണ് തിരഞ്ഞെടുപ്പ് ചരിത്രം പഠിപ്പിക്കുന്നത്. ജാതികള്‍ , ഭാഷകള്‍, ഭൂപ്രകൃതി എന്നിവ കൊണ്ട് വ്യത്യസ്തരാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍. ഒരൊറ്റ കക്ഷിയോ, നേതാവോ ഇല്ല. പലപ്പോഴും മണ്ഡലത്തിലെ പ്രാദേശിക രാഷ്ട്രീയമാണ് ഇവരുടെ വോട്ടു തീരുമാനത്തിന് ആധാരം.

രാജ്യത്ത് ആകെയുള്ള 543 ലോക്സഭാ സീറ്റുകളില്‍ 86 മണ്ഡലങ്ങളില്‍ 20 ശതമാനമോ അതില്‍ കൂടുതലോ മുസ്‌ലിം ജനസംഖ്യയുണ്ട്. 12 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഈ സീറ്റുകള്‍ കിടക്കുന്നു. അതായത് ഈ മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ സ്വാധീനിക്കുന്നതില്‍ മുസ്‌ലിം വോട്ടിന് വലിയ പ്രധാന്യമുണ്ട്. ഈ 86 ല്‍ തന്നെ 15 മണ്ഡലങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളാണ്.  അതായത് 50 ശതമാനത്തിലും കൂടുതല്‍ മുസ്ലിം ജനസംഖ്യ. ഇത്തവണ ലോക്സഭയിലേക്ക് ജയിച്ച 24 പേരില്‍ 14 പേരും മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്നായിരുന്നു. 15 മത് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ അസമിലെ ബാര്‍പെട്ടയില്‍ ജയിച്ചത് എജിപിയിലെ ഭനി ഭൂഷണന്‍ ചൗധരിയാണ്.

ഇനി, നമ്മള്‍ മുസ്ലിം സമുദായത്തിന് നിര്‍ണായക സ്വാധീനമുണ്ടെന്ന് പറഞ്ഞ, അതായത് 20 ശതമാനത്തിലേറെ ജനസംഖ്യയുണ്ടെന്ന് പറഞ്ഞ 86 സീറ്റുകളിലെ ഇത്തവണത്തെ ഫലങ്ങളിലേക്ക്. ഈ സീറ്റുകളില്‍  ഇന്ത്യാ സംഖ്യം 46 എണ്ണം നേടി. എന്‍ഡിഎക്ക് 35 ഉം മറ്റുള്ളവര്‍ക്ക് 5 ഉം ലഭിച്ചു. എന്‍ഡിഎക്ക് ലഭിച്ച 35ല്‍ 30ഉം ബിജെപിക്ക് ലഭിച്ചവയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ സീറ്റുകളില്‍ ബിജെപി 36 എണ്ണം നേടിയിരുന്നു. 2014 ലാവട്ടെ 38 സീറ്റും ബിജെപി നേടി. അതായത് ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലങ്ങളിലെ ബിജെപിയുടെ വിജയ നിരക്ക് കുറഞ്ഞു വരികയാണ്. 2009 ല്‍ ഇപ്പറഞ്ഞ 86 സീറ്റുകളില്‍ 15 എണ്ണം മാത്രമായിരുന്നു ബിജെപിക്ക്. പിന്നീട് സ്വീകരിച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് സീറ്റെണ്ണം ഇരട്ടിയിലധികമാക്കിയത്. മതം ഒരു വിഷയമാക്കുകയും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുകയുമായിരുന്നു ആ തന്ത്രം. അങ്ങനെ ന്യൂനപക്ഷ സമുദായക്കാര്‍ തീരെയില്ലാത്ത മണ്ഡലത്തെക്കാള്‍ 20 ശതമാനത്തിനു മേല്‍ അവരുള്ള സീറ്റുകളാണ് ബിജെപിക്ക് ജയിക്കാന്‍ എളുപ്പം എന്നു വന്നു. മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു പോകാനുള്ള പണിയും ഇതിനൊപ്പം ചെയ്യും. ഇത്തവണ തന്നെ ബിഎസ്പി നിര്‍ത്തിയ 35 മുസ്‌ലിം സ്ഥാനാര്‍ഥികളുടെ ദൗത്യം വോട്ടു ഭിന്നിക്കലാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഫലങ്ങള്‍ കാണിക്കുന്നത് മുസ്‌ലിം വോട്ടിങ് പാറ്റേണില്‍ ഉണ്ടായ മാറ്റമാണ്. അതാണ് ബിജെപിയുടെ സീറ്റ് 38 ല്‍ നിന്ന് 30ലേക്ക് താഴ്ത്തിയത്.  അയോധ്യ, പൗരത്വ രജിസ്ട്രര്‍, സിഎഎ, ഏകവ്യക്തി നിയമം, പ്രധാനമന്ത്രിയുടെ മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങള്‍ എല്ലാം ഇതിന് കാരണമായിട്ടുണ്ട്.

ഒരു പാര്‍ട്ടിയോ മുന്നണിയോ, മുസ്‌ലിം പ്രീണനം നയമാക്കി മാറ്റിയാല്‍ അവര്‍ക്ക് പരമാവധി കിട്ടാന്‍ സാധ്യതയുള്ളത് 15 മുതല്‍ 25 വരെ സീറ്റുകളാണ്. ജനസംഖ്യവച്ച് നോക്കിയാല്‍. മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന് എതിരാളിക്കുമേല്‍ ആരോപണം ഉന്നയിച്ച് വിജയിച്ചാല്‍ വിജയ സാധ്യത അതിന്‍റെ ഇരുപത് മടങ്ങുവരെയാണെന്ന് കാണുന്ന രാഷ്ട്രീയ തന്ത്രമാണ് ധ്രുവീകരണത്തിന് പ്രേരണയാകുന്നത്. പക്ഷേ, എന്നും എപ്പോഴും ഇത്തരം തന്ത്രങ്ങള്‍ വിജയിക്കണമെന്നില്ല. കാരണം ഇന്ത്യന്‍ വോട്ടര്‍ പോളിങ് ബൂത്തില്‍ പോകുന്നത് മതം മാത്രം മനസ്സില്‍ കരുതിയല്ല.

ENGLISH SUMMARY:

Successful Strategies of Muslim Politicians in Winning Votes