ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരേ സമയം കൗതുകത്തിനും അസാധാരണത്വത്തിനും വഴിയൊരുങ്ങിയ രണ്ടു വിജയങ്ങള്‍. ജനം തിരഞ്ഞെടുത്തെങ്കിലും വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ എംപിമാരായി സത്യപ്രതിജ്ഞ ചെയ്യുമോയെന്ന ചര്‍ച്ചകള്‍ പലവിധം. ആശങ്കകള്‍ക്ക് അടിസ്ഥാനം മറ്റൊന്നുമല്ല, വിജയികളായ രണ്ടു സ്ഥാനാര്‍ത്ഥികളും ജനവിധി തേടിയത് ജയിലില്‍ നിന്ന്.
പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഖലിസ്ഥാൻ നേതാവ് അമൃത്പാല്‍ സിങ്, ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച എന്‍ജിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുള്‍ റാഷിദ്. ഇവര്‍ രണ്ടുപേരുമാണ് ജയിലില്‍ നിന്ന് ലോക്സഭയിലേക്കെത്താന്‍ തയാറെടുക്കുന്നത്. വാരിസ് പഞ്ചാബ് ദേ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയാണ് അമൃത്പാല്‍ സിങ്ങ്. എന്‍ജിനീയര്‍ റാഷിദാകട്ടെ അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവും.
ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങളും പാര്‍ലമെന്റ് അങ്കണത്തില്‍ സ്പീക്കര്‍ക്കു മുന്നില്‍ സത്യവാചകം ചൊല്ലി ചുമതലയേല്‍ക്കണമെന്നതാണ് ചട്ടം. എന്നാല്‍ ഇവര്‍ക്ക് അത് സാധ്യമാകുന്നതിന് കോടതിയുടെ അനുവാദം കൂടിയേ തീരു. സത്യപ്രതിജ്ഞ ചെയ്താലും തിരികെ ജയിലിലേക്ക് മടങ്ങേണ്ടി വരും. കാരണം രാജ്യദ്രോഹകുറ്റമടക്കം ഗുരുതരമായ വകുപ്പുകളാണ് ഇരുവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. അമൃത്പാല്‍ സിങ് 2023 മാര്‍ച്ച് മുതല്‍ അസമിലെ ദിബ്രുഗഡ് ജയിലിലും റാഷിദ് 2019 ഓഗസ്റ്റ് മുതല്‍ തിഹാര്‍ ജയിലിലും തടവിലാണ്.
അമൃത്പാല്‍ സിങ്
2023 ഫെബ്രുവരിയില്‍ തന്റെ അനുയായികളിലൊരാളുടെ അറസ്റ്റിനെത്തുടര്‍ന്ന് പഞ്ചാബിലെ ഒരു പൊലീസ് സ്‌റ്റേഷന്‍ വന്‍ ജനക്കൂട്ടത്തിന് നേതൃത്വം കൊടുത്ത് ആക്രമിച്ചതിനു പിന്നാലെയാണ് അമൃത്പാല്‍ സിങ് ശ്രദ്ധേയനാകുന്നത്. ഇതിനു പിന്നാലെ പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ നിയോഗിച്ചു. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയും വന്‍ നടപടികള്‍ക്ക് കളമൊരുങ്ങുകയും ചെയ്തു.
നടപടികള്‍ക്ക് പിന്നാലെ അമൃത്പാല്‍ സിങ് ഒളിവില്‍ പോവുകയായിരുന്നു. വ്യാപകമായ തിരച്ചിലുകള്‍ക്ക് ശേഷം അസമില്‍ നിന്ന് അമൃത്പാല്‍സിങ്ങിനെ പിടികൂടി. അന്നുമുതല്‍ അമൃത്പാല്‍ ദിബ്രുഗഡിലെ ജയിലിലാണ്. വോട്ട് രേഖപ്പെടുത്താന്‍ പോലും അമൃത്പാല്‍സിങ്ങിന് കഴിഞ്ഞിരുന്നില്ല. അമൃത്പാലിന്‍റെ പിതാവും സഹോദരങ്ങളും അനുയായികളുമാണ് മണ്ഡലത്തില്‍ മുഴുവന്‍ കാടടച്ച് പ്രചാരണം നടത്തിയത്.
അമൃത്പാല്‍ സിങ് 4,04,430 വോട്ടുകള്‍ നേടി. രണ്ടാം സ്ഥാനത്തെത്തിയ കുല്‍ബീര്‍ പിടിച്ചത് 2,07,310 വോട്ടുകള്‍ മാത്രം.
എന്‍ജിനീയര്‍ റാഷിദ്
റാഷിദ് അഴിക്കുള്ളിലായത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. നേരത്തെ രണ്ടു തവണ എംഎല്‍എയായിരുന്നു റാഷിദ്. ഇത്തവണ ബാരാമുള്ളയില്‍ മല്‍സരിച്ചതാകട്ടെ അതിശക്തനായ ഒമര്‍ അബ്ദുള്ളയ്ക്കെതിരേയും. വിജയമാകട്ടെ 2,04,142 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍. അതുതന്നെയാണ് ആ വിജയത്തിന്‍റെ മാറ്റുകൂട്ടുന്നതും. 2008ലാണ് റാഷിദിന്‍റെ രാഷ്ട്രീയ പ്രവേശം. കശ്മീരിലെ ലാങ്‌തെ മണ്ഡലത്തില്‍നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച് എംഎല്‍എയായ റാഷിദ് 2014-ലും അവിടെ ജയം ആവര്‍ത്തിച്ചു.
2005-ലാണ് തീവ്രവാദ ഫണ്ടിങ്ങിന്റെ പേരില്‍ റാഷിദ് ആദ്യം അറസ്റ്റിലാകുന്നത്. ലഷ്‌കര്‍ ഇ തയിബ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കായി ഫണ്ട് സമാഹരിച്ചുവെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷസ് ഗ്രൂപ്പാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്. ആ കേസില്‍ ദേശവിരുദ്ധ പ്രവര്‍ത്തനക്കുറ്റം ചുമത്തി മൂന്നു മാസവും 17 ദിവസവുമാണ് റാഷിദിനെ ജയിലില്‍ അടച്ചത്.
പിന്നീട് 2014-ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും ലാങ്‌തെയില്‍നിന്നു ജയിച്ചു എംഎല്‍എയായി. തീവ്രവാദ ഫണ്ടിങ് കേസ് എന്‍ഐഎയ്ക്കു കൈമാറിയതോടെ സ്ഥിതി മാറി. 2018 അവസാനം കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ 2019 മാര്‍ച്ചില്‍ റാഷിദിനെ അറസ്റ്റ് ചെയ്തു. ഗുരുതര കുറ്റങ്ങള്‍ ചുമത്തി. കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ കല്ലേറ് നടത്തിയതിനും ശ്രീനഗറില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിനും സ്‌കൂളുകള്‍ അഗ്നിക്കിരയാക്കിയതിനു പിന്നിലും റാഷിദിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചന നടന്നുവെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഇതിനു പുറമെ ലഷ്‌കറുമായി അടുത്ത ബന്ധമാണെന്നും എന്‍ഐഎ ആരോപിക്കുന്നു. രാജ്യത്തിനെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ലഷ്‌കറിന് റാഷിദ് പണം സമാഹരിച്ചതായി കേസിലെ മറ്റൊരു പ്രതിയായ സഹൂര്‍ വതാലി സമ്മതിച്ചതായും കുറ്റപത്രത്തിലുണ്ട്.
ഭരണഘടന പറയുന്നതെന്ത്?
തിരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ഥികളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുന്നത് ജാമ്യത്തിൽ പുറത്തിറങ്ങുന്നതിന് തുല്യമല്ല. ഇത് ഒരു ദിവസത്തെ പ്രത്യേക പരോളിന് സമാനമാണ്എന്നാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ക്ക് ഇത് സാധ്യമാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. ഇരുവര്‍ക്കുമെതിരായ വിചാരണ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ശിക്ഷിക്കപ്പെടാത്തവരെ അയോഗ്യരാക്കാന്‍ സാധിക്കില്ലാത്തതിനാല്‍ ഇരുവരെയും സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കേണ്ടി വരും. എന്നാല്‍ ജയിലിൽ കഴിയുന്നതിനാല്‍ പിന്നീടും സഭാ നടപടികളിൽ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർക്ക് കത്ത് നൽകണം.
ഭരണഘടന പ്രകാരം അനുവാദമില്ലാതെ എല്ലാ മീറ്റിംഗുകളിൽ നിന്നും 60 ദിവസത്തിലധികം വിട്ടുനിൽക്കുകയാണെങ്കിൽ, ആ സീറ്റ് ഒഴിഞ്ഞതായി പ്രഖ്യാപിക്കണമെന്നാണ് ചട്ടം. പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനോ പാർലമെൻ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനോ അനുമതിക്കായി കോടതിയെ സമീപിക്കേണ്ടിവരും. സ്വതന്ത്ര എംപിമാരായി തുടരണമെന്നും ഒരു പാർട്ടിയിലും ചേരാനാകില്ലെന്നും നിയമം പറയുന്നു. അങ്ങനെ ചെയ്താൽ അവർ അയോഗ്യരാവും. അവർക്ക് ഒരു പാർട്ടിയിൽ ചേരാനുള്ള ഒരേയൊരു മാർഗം അവരുടെ സീറ്റ് രാജിവച്ച് പാർട്ടി ടിക്കറ്റിൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ്.
എന്തായാലും കോടതി തീരുമാനം എന്താകുമെന്ന് കാത്തിരുന്ന് കാണാം. ഒപ്പം ജയിലിലിരുന്നും ഇരുവരും നേടുന്ന ജനസ്വാധീനം ഗൗരവമുള്ള ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.