പൊള്ളുന്ന വേനലിൽ പൊടിക്കാറ്റ് വീശി ഹെലികോപ്റ്റർ പറന്നിറങ്ങുന്നു. വെയിലിനെ വകവെയ്ക്കാതെ ‘അഖിലേഷ് യാദവ് സിന്ദാബാദ്, സമാജ്‍വാദി പാർട്ടി സിന്ദബാദ്’ എന്ന് ആർത്തുവിളിക്കുന്ന ജനക്കൂട്ടം ഹെലികോപ്റ്റർ ഇരമ്പലിനെ പോലും നിശബ്ദമാക്കുന്ന പോലെ. ഈ ആൾക്കൂട്ടത്തിലേക്ക് ചുവന്ന തൊപ്പിയും വെള്ളകുർത്തയും ചുവന്ന തോർത്തും ധരിച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇറങ്ങി വരുന്നു. തന്റെ റാലിയിലേക്ക് ആൾക്കൂട്ടത്തെ എത്തിക്കാൻ, അത് വോട്ടാക്കി മാറ്റാൻ കൃത്യമായ പ്ലാൻ അഖിലേഷ് യാദവിന് ഉണ്ടായിരുന്നു.
രാമക്ഷേത്രം അടക്കം അനുകൂല ഘടകമുണ്ടായിട്ടും ബിജെപി ഏറ്റവും പ്രതീക്ഷ വെച്ച ഉത്തർപ്രദേശിൽ പാർട്ടിക്ക് കിട്ടിയ തിരിച്ചടിയാണ് കേവലഭൂരിപക്ഷത്തിൽ നിന്ന് അവരെ പിന്നോട്ടടിപ്പിച്ചത്. 2014 മുതൽ തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന എസ്പി യുപി ചരിത്രത്തിലെ മികച്ച ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം കുറിച്ചു. ബിജെപിയെ 33 സീറ്റിലേക്ക് ചുരുക്കിയ, 2019 തിൽ 4.79 ലക്ഷം വോട്ടിന് വാരണാസിയിൽ ജയിച്ച നരേന്ദ്രമോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷമാക്കി കുറച്ച യുപിയിലെ ഇന്ത്യാ സഖ്യത്തിന്റെ വലിയ വിജയത്തിന് കാരണം ‘പിഡിഎ’ എന്ന് ചുരുക്കപ്പേരിട്ട് വിളിക്കുന്ന അഖിലേഷ് യാദവിന്റെ സോഷ്യൽ എൻജിനീയറിങാണ്.
2014 ലോക്സഭാ തിരഞ്ഞെടുgപ്പിൽ ആകെയുള്ള 80 സീറ്റിൽ അഞ്ച് സീറ്റിലാണ് എസ്പി വിജയിച്ചത്. 2017 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ 403 നിയമസഭാ സീറ്റിൽ 47 ഇടത്ത് വിജയിച്ചു. 2019ൽ അഞ്ച് ലോക്സഭാ സീറ്റും 2022 ൽ 111 നിയമസഭാ സീറ്റുമാണ് അഖിലേഷിന്റെ പാർട്ടി ജയിച്ചത്. ഇക്കുറി ആകെയുള്ള 80ൽ 37 സീറ്റുകളും സമാജ്‌വാദി പാർട്ടി നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എക്കാലത്തെയും മികച്ച പ്രകടനമാണിത്. എന്താണ് ഈ സർപ്രൈസ് വിജയത്തിന് പിന്നിൽ, നോക്കാം.
എന്താണ് പിഡിഎ..?
2023 ജൂൺ 21 ന് അഖിലേഷ് യാദവ് എക്സിൽ കുറിച്ചൊരു പോസ്റ്റിൽ പിഡിഎ എന്താണെന്ന് വിശദീകരിക്കുന്നുണ്ട്. "പിച്രെ (പിന്നോക്കം), ദലിത്, അൽപശംഖക്ക്" (ന്യൂനപക്ഷം) എന്നാണ് 'പിഡിഎ' എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. 'പിന്നാക്ക, ദലിത്, ന്യൂനപക്ഷ' ചൂഷണത്തിനും അടിച്ചമർത്തലിനും അവഗണനയ്ക്കുമെതിരായ ബോധത്തിൽ നിന്നും പൊതുവികാരത്തിൽ നിന്നും ജനിച്ച ആ ഐക്യത്തിൻ്റെ പേരാണ് ‘പിഡിഎ’ എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. അതായത്, പരമ്പരാഗതമായി എസ്പിക്ക് വോട്ട് ചെയ്യുന്ന യാദവ- മുസ്ലിം വോട്ടിനൊപ്പം മായാവതിയുടെ പരമ്പരാഗത വോട്ടർമാരെ ഒപ്പം കൂട്ടാനും മറ്റു ഒബിസി വിഭാഗങ്ങളെ ചേർക്കുന്നതിനുമായി കൃത്യമായി നടപ്പിലാക്കിയ പ്ലാനായിരുന്നു പിഡിഎ.
പിഡിഎ കണക്കുകൾ ഇങ്ങനെ
ഉത്തർപ്രദേശിലെ യാദവ്- മുസ്‍ലിം വോട്ടു ബാങ്കാണ് എസ്പിക്ക് പിന്നിൽ അണിനിരക്കുന്നത്. യുപി ജനസംഖ്യയിൽ 20 ശതമാനത്തോളം വരുന്ന മുസ്ലിങ്ങൾ പരമ്പരാഗതമായി എസ്പിയെ പിന്തുണയ്ക്കുന്നു. മറ്റൊരു വോട്ട് ബാങ്കായ യാദവർ യുപി ജനസംഖ്യയുടെ 8-10 ശതമാനമാണ്. ബിജെപിയെ നേരിടാൻ ഈ വോട്ടുകൾ പോരെന്ന തിരിച്ചറിവിലാണ് എസ്പി നോൺ- യാദവ് ഒബിസി വോട്ടിലേക്കും കടക്കാനുള്ള പ്ലാൻ തയ്യാറാക്കുന്നത്.
കഴിഞ്ഞ നിരവധി തിരഞ്ഞെടുപ്പുകളിൽ ബിജെപി യുപി തൂത്തുവാരുന്നതിന് പിന്നിൽ ഈ നോൺ- യാദവ് ഒബിസി വോട്ടുകൾക്ക് കാര്യമായ പങ്കുണ്ട്. ഏകദേശം 40-50 ശതമാനമാണ് യുപിയിലെ ഒബിസി ജനസംഖ്യ. ഇതാണ് ഒബിസിക്ക് അപ്പുറം വോട്ടുയർത്താനുള്ള അഖിലേഷിന്റെ തീരുമാനത്തിന് പിന്നിൽ. ബിഎസ്‍പിയുടെ വോട്ടായ ജനസംഖ്യയിൽ 20 ശതമാനത്തിന് മുകളിൽ വരുന്ന ദലിതുകൾ പാർട്ടി തകർച്ചയിൽ തനിക്കൊപ്പം നിൽക്കുമെന്ന കണക്കുകൂട്ടലുകളുമാണ് അഖിലേഷിന്റെ വിജയം.
ആദ്യ പരീക്ഷണം ഘോസി
2023 സെപ്റ്റംബറിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മൗ ജില്ലയിലെ ഘോസി നിയമസഭാ മണ്ഡലത്തിലാണ് പിഡിഎയുടെ പരീക്ഷണം അഖിലേഷ് നടത്തിയത്. എസ്പി എംഎൽഎയായിരുന്ന ദാരാ സിങ് ചൗഹാൻ എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മൽസരിച്ച ദാരാ സിങ് ജയിച്ചാൽ മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്നു. ഓം പ്രകാശ് രാജ്ഭറിൻ്റെ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) എൻ.ഡി.എയിലേക്ക് എത്തുകയും ചെയ്തതോടെ ബിജെപി വിജയം ഉറപ്പിച്ചതാണ്.
എന്നാൽ ഉപതിരഞ്ഞെടുപ്പിന് മുൻപ് അഖിലേഷ് യാദവ് ‘അബ്കി ബാർ പിച്ച്‌ദ ദളിത് അൽപ്‌സാംഖ്യക് (പിഡിഎ) സർക്കാർ’ എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. ഒബിസി, മുസ്‌ലിം, ദലിത് ജനവിഭാഗങ്ങളുള്ള ഘോസി അസംബ്ലി സീറ്റിൽ ഇന്ത്യ സംഖ്യമായി മൽസരിച്ച എസ്പി സ്ഥാനാർഥി 42,759 വോട്ടിനാണ് ജയിച്ചത്. ഇതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റ് പോലെ ഇന്ത്യ സഖ്യത്തിന് അനുകൂലമായി വീശിയടിച്ചതും ബിജെപിയെ തോൽപ്പിച്ചതും. ഇതോടൊപ്പം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിഡിഎ സഖ്യം എൻഡിഎയെ പരാജയപ്പെടുത്തുമെന്ന് 2023 ൽ തന്നെ അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു
ഭൂരിഭാഗം സീറ്റിലും നടപ്പാക്കി
ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലും ഈ സോഷ്യൽ എൻജിനീയറിങ് കൃത്യമായി അഖിലേഷ് നടപ്പിലാക്കി. എസ്പിയുടെ എംപിമാരിൽ ഭൂരിഭാഗവും പിഡിഎ സമുദായങ്ങളിൽ നിന്നുള്ളവരാണ്. 86 ശതമാനം വരുമിത്. 37 എംപിമാരിൽ 20 ഒബിസി എംപിമാരും, എട്ട് എസ്‍സി വിഭാഗക്കാരും നാല് മുസ്ലീം സമുദായക്കാരും ഉൾപ്പെടുന്നു. ബാക്കി ഓരോ എംപിമാർ ബ്രാഹ്മണൻ, വൈശ്യ, ഭൂമിഹാർ സമുദായക്കാരും രണ്ടു പേർ താക്കൂർമാരുമാണ്. മീററ്റ്, ഫൈസാബാദ് തുടങ്ങിയ സംവരണമില്ലാത്ത സീറ്റുകളിൽ പട്ടികജാതി സ്ഥാനാർത്ഥികളെ നിർത്താനുള്ള നീക്കവും 'പിഡിഎ' തന്ത്രമാണ്. ഇതിൽ ഫൈസാബാദിൽ അവധേഷ് പ്രസാദ് ജയിക്കുകയും മീററ്റിൽ വെറും 10,500 വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.