കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കേരളത്തിനായി ആഞ്ഞുപിടിക്കുമെന്ന് സുരേഷ് ഗോപി. കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും എം.പിക്ക് എല്ലാ വകുപ്പുകളിലും ഇടപെടാം; ഏത് വകുപ്പെന്നതില്‍ ഒരു ആഗ്രഹവുമില്ല, സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായഭിന്നത ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എന്ത് ചുമതലയും ഏറ്റെടുക്കും; കേരളത്തിനായി ആഞ്ഞുപിടിക്കും കേരളത്തിന് ന്യായമായ പരിഗണന നരേന്ദ്ര മോദി നല്‍കുമെന്നും സുരേഷ് ഗോപി.
അതേസമയം കേരളത്തിന്റെ വികസനത്തിനായി ശ്രമിക്കുമെന്നും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കായി നിലകൊള്ളുമെന്നും ജോര്‍ജ് കുര്യനും പ്രതികരിച്ചു. രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിന്റെ വികസനത്തിനായി ശ്രമിക്കും. ഏത് വകുപ്പ് വേണമെന്ന് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള വേഷത്തില്‍ അന്‍പത്തിരണ്ടാമതായി ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിയായ സുരേഷ്ഗോപിയെ രാഷ്ട്രപതി അഭിനന്ദിച്ചു. രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം വീണ്ടുമെത്തി രാഷ്ട്രപതിയെ വണങ്ങി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരികിലേക്ക്. മോദി സുരേഷ് ഗോപിയെ രണ്ടുകൈകളും ചേര്‍ത്ത് പിടിച്ചു അഭിനന്ദിച്ചു. സത്യപ്രതിജ്ഞക്ക് സാക്ഷിയാകാന്‍ ഭാര്യ അമ്മയും ഉള്‍പ്പെടുന്ന കുടംബം രാഷ്ട്രപതിഭവനില്‍ എത്തിയിരുന്നു.
എഴുപതിയൊന്നാമനായി ദൈവനാമത്തിലായിരുന്നു ജോര്‍ജ് കുര്യന്‍റെ സത്യപ്രതിജ്ഞ. ഒരു മന്ത്രിസ്ഥാനത്തില്‍ കേരളം പ്രതീക്ഷിച്ചര്‍പ്പിക്കെയാണ് സംസ്ഥാനത്തിന് അപ്രതീക്ഷിതമായി ജോര്‍ജ് കുര്യന്‍റെ മന്ത്രിപദവി. വാജ്പേയ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന ഒ.രാജഗോപാലിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും മോദി സര്‍ക്കാരില്‍ സഹമന്ത്രിയായത് കുര്യന്‍റെ രാഷ്ട്രീയ സ്ഥിരതക്കുള്ള സമ്മാനം. നിലവില്‍ പാര്‍ലമെന്‍റംഗമല്ലാത്ത ജോര്‍ജ് കുര്യനെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകള്‍ ഒന്നു വഴി രാജ്യസഭയിലെത്തിക്കും.