ലോക്സഭ തിരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ തമിഴ്നാട് ബി‍ജെപിയില്‍ പരസ്യപ്പോര്. പാര്‍ട്ടി അധ്യക്ഷന്‍ അണ്ണാമലക്കെതിരെ തമിഴിസൈ സൗന്തരരാജന്‍, കല്യാണ്‍ രാമന്‍ തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളില്‍ അണ്ണാമലൈ, തമിഴിസൈ പക്ഷങ്ങള്‍ പോര്‍വിളി നടത്തി. പിന്നാലെ വിഷയത്തിലിടപ്പെട്ട കേന്ദ്ര നേതൃത്വം, സംസ്ഥാന കോര്‍ കമ്മറ്റിയില്‍ നിന്ന് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. 

തമിഴ്നാട് ബിജെപിയിലെ പരസ്യപ്പോരില്‍ തമിഴിസൈ സൗന്തരരാജനെ, ആന്ധ്ര സത്യപ്രതിജ്ഞ വേദിയില്‍ അമിത്ഷാ ശകാരിച്ചെന്ന അഭ്യുഹത്തോട് മൗനമായിരുന്നു മറുപടി. ലോക്സഭ തിരഞ്ഞെടുപ്പില്‍ പൂജ്യത്തില്‍ ഒതുങ്ങിയതില്‍ സംസ്ഥാന അധ്യക്ഷനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിതോടെയാണ് പോരിന് തുടക്കം. അണ്ണാമലയുടെ വാവിട്ട വാക്കും, വീണ്ടു വിചാരം ഇല്ലാത്ത പ്രവര്‍ത്തിയുമാണ് കടുത്ത പരാജയത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍ . 

അണ്ണാമലൈ നുണയനാണെന്നും, കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും  ബിജെപി ഭൗതീക സെല്‍ നേതാവ് കല്യാണ രാമന്‍ ആരോപിച്ചു. അണ്ണാമലൈ അധ്യക്ഷനായതിന് പിന്നാലെ ക്രിമിനലുകള്‍ പാര്‍ട്ടിയില്‍ അതികാര സ്ഥാനത്ത് കടന്നുകൂടിയെന്നാണ് തമിഴിസൈയുടെ അരോപണം. പിന്നാലെ  സമൂഹ മാധ്യമങ്ങളില്‍ അണ്ണാമലൈ, തമിഴിസൈ പക്ഷങ്ങള്‍ പോര്‍വിളിയുമായെത്തി. സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ സംസാരിക്കുന്ന പ്രവര്‍കര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തമിഴിസൈ.

പരസ്യപ്പോരിനെക്കുറിച്ച് ചോദ്യം ഉയന്നതോടെ ഇനി ഇടക്കിടെ മാധ്യമങ്ങളെ കാണില്ലെന്നും, മറ്റ് നേതാക്കള്‍ കാണാന്‍ പാടില്ലെന്നും അണ്ണാമലൈ. പോര് കനത്തതോടെ വിഷയത്തില്‍ ഇ‍ടപ്പെട്ട സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ റിപ്പോര്‍ട്ട് തേടി. അതിനിടെ തമിഴിസൈയെ അമിത്ഷാ ശകാരിച്ചെന്ന അഭ്യൂഹം പ്രതിപക്ഷം ആയുധമാക്കി. സ്ത്രീകളോടുള്ള ബിജെപി സമീപനമാണ് അമിത്ഷായുടെ പെരുമാറ്റമെന്ന് കോണ്‍ഗ്രസ് കേരള പേജും വിമര്‍ശിച്ചു. ഏതായാലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനപ്പുറം പാളയത്തില്‍ പടയെ മെരുക്കി അധ്യക്ഷ സ്ഥാനത്ത് തുടരുകയെന്നതാണ് അണ്ണാമലയുടെ മുമ്പിലെ ഇനിയുള്ള വെല്ലുവിളി.