രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് പകരം പ്രിയങ്ക എത്തുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഗാന്ധി കുടുംബത്തിലും പുതിയ അദ്ധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്. 52കാരിയായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആദ്യമായിയാണ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രചാരണരംഗത്തു കോൺഗ്രസിന്റെ ഏറ്റവും മൂർച്ചയേറിയ നാവായിരുന്നു പ്രിയങ്ക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നേതാക്കൾ കോൺഗ്രസിനെ വിമർശനങ്ങളിൽ മൂടിയപ്പോൾ അതിനു ചുട്ടമറുപടിയുമായി മുന്നിൽനിന്നത് പ്രിയങ്കയാണ്.
2019ല്‍ കിഴക്കന്‍ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായും പിന്നീട് സംസ്ഥാനത്തിന്റെ മുഴുവൻ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും ചുമതലവഹിച്ചു. ഉത്തർപ്രദേശിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യം പാര്‍ട്ടി പ്രിയങ്കയെയാണ് ഏല്‍പ്പിച്ചത്.
2004 ലെ പൊതു തിരഞ്ഞെടുപ്പിൽ, പ്രിയങ്ക സോണിയ ഗാന്ധിയുടെ പ്രചാരണ മാനേജരായാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ആ തിരഞ്ഞെടുപ്പില്‍ തന്നെ അമേഠിയില്‍ സഹോദരൻ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ സഹായിച്ചു. 2007ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ, രാഹുൽ ഗാന്ധി സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണം നിയന്ത്രിച്ചിരുന്നപ്പോൾ, പ്രിയങ്ക അമേഠി റായ്ബറേലി ലോക്സഭാ മണ്ഡലങ്ങളിലെ നിയമസഭാ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
2019ല്‍ റായ്ബറേലിയില്‍ നിന്നും പാര്‍ലമെന്റില്‍ എത്തിയ സോണിയ ഗാന്ധി പിന്നീട് രാജ്യസഭയിലേക്ക് ചുവടുമാറ്റി. അവിടെയാണ് ഇത്തവണ രാഹുല്‍ ഗാന്ധി 3.8 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെ പരാജയപ്പെടുത്തിയത്. നിലവില്‍ സോണിയ ഗാന്ധി രാജ്യസഭാ അംഗവും, രാഹുല്‍ ഗാന്ധി ലോകസഭാ അംഗവുമാണ്. പ്രിയങ്ക ഗാന്ധി കൂടി വയനാട്ടില്‍ നിന്നും ജയിച്ചാല്‍ ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തും.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി. വയനാട്ടിലെ വോട്ടർമാർക്കു നന്ദി പറയാനായി കഴിഞ്ഞയാഴ്ച വയനാട്ടിൽ എത്തിയ രാഹുൽ, മണ്ഡലം ഒഴിയുമോ എന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തുകയായിരുന്നു. എടവണ്ണയിലും കൽപറ്റയിലും നടന്ന പൊതുയോഗങ്ങളിലൊന്നും ഏതു മണ്ഡലമാകും നിലനിർത്തുകയെന്നു വ്യക്തമാക്കിയില്ല. എന്തു തീരുമാനമെടുത്താലും വയനാടിനും റായ്ബറേലിക്കും സന്തോഷത്തോടെ സ്വീകരിക്കാനാകുമെന്നാണു രാഹുൽ ഗാന്ധി പറഞ്ഞത്. കുടുംബാംഗത്തെപ്പോലെ പരിഗണിച്ചതിനും പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നതിനും വയനാട്ടിലെ ഓരോ വോട്ടർമാരോടും രാഹുൽ നന്ദിയും പറഞ്ഞിരുന്നു.