രണ്ടാം വരവിലെ ആദ്യദിനം തന്നെ പ്രതിപക്ഷ പ്രതിഷേധം ഏറ്റുവാങ്ങി സ്പീക്കർ ഓം ബിർല. അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം അവതരിപ്പിച്ചതാണ് കോൺഗ്രസിന്‍റെ പ്രതിഷേധത്തിനിടയാക്കിയത്. സ്ഥാനമേറ്റ സ്പീക്കറെ അഭിനന്ദിച്ച പ്രതിപക്ഷ അംഗങ്ങളിൽ പലരും, കഴിഞ്ഞ സഭയിലെ ഓം ബിർലയുടെ നിലപാടുകളെ പ്രത്യക്ഷമായും പരോക്ഷമായും വിമർശിച്ചു.
തനിക്ക് ലഭിച്ച അഭിനന്ദനങ്ങൾക്ക് നന്ദി പറഞ്ഞ് സംസാരിച്ച സ്പീക്കറുടെ പ്രസംഗത്തിന്‍റെ സിംഹഭാഗവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതായിരുന്നു. അംഗങ്ങളെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്യുന്ന സമീപനം ഭരണപക്ഷത്തോടും കാട്ടണമെന്ന് അഖിലേഷ് യാദവ്. സ്പീക്കറെ അഭിനന്ദിച്ച് സംസാരിച്ച ഇന്ത്യ സഖ്യ അംഗം എൻ.കെ പ്രേമചന്ദ്രൻ രാജാവിന് പോലും സ്പീക്കർ വഴങ്ങാറില്ല എന്ന പഴയ ബ്രിട്ടീഷ് പാരമ്പര്യം ഓർമിപ്പിച്ചു.
ഇതിനെല്ലാം ശേഷമാണ് അജന്‍ഡയിലില്ലാത്ത അടിയന്തരാവസ്ഥ വിരുദ്ധപ്രമേയം ഓം ബിര്‍ല അവതരിപ്പിച്ചത്. പാടില്ലെന്ന് കോണ്‍ഗ്രസിലെ കെ.സി വേണുഗോപാല്‍ പറഞ്ഞെങ്കിലും ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തുന്ന പ്രമേയം സ്പീക്കര്‍ പൂര്‍ത്തിയാക്കി. ഇതോടെ കോണ്‍ഗ്രസ് ലീഗ് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് താഴെ ഒത്തു ചേര്‍ന്ന് പ്രതിഷേധമുദ്രാവാക്യം മുഴക്കി. പ്രതിപക്ഷത്തെ മറ്റ് കക്ഷികള്‍ നിശബദ്ത പാലിച്ചു. അടിയന്തരാവസ്ഥക്കെതിരെ എന്‍ഡിഎ അംഗങ്ങള്‍ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിച്ചു.