ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് ജെ.പി. നഡ്ഡ താൽക്കാലികമായി തുടർന്നേക്കും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നഡ്ഡയുടെ കാലാവധി ഇന്നവസാനിക്കും.
ന്യൂനപക്ഷ സർക്കാർ ആയതിനാൽ ബജറ്റ് അവതരണം ഉൾപ്പെടെ സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ആണ് ഇപ്പോൾ പാർട്ടിയുടെ ശ്രദ്ധ. ബജറ്റ് സമ്മേളനം പൂർത്തിയായ ശേഷം മാത്രമായിരിക്കും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിലേക്ക് ബി.ജെ.പി കടക്കുക. നഡ്ഡയുടെ കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും ജനുവരിയിലെ പാർട്ടി പ്രമേയം അനുസരിച്ച് പുതിയ അധ്യക്ഷൻ ചുമതല ഏൽക്കുന്നതുവരെ തുടരാം.
ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി നിയമ സഭകളിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടക്കുന്നതും സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാകാത്തതും പുതിയ അധ്യക്ഷനെ നിയമിക്കുന്നത് വൈകാൻ കാരണമാണ്. കേന്ദ്ര മന്ത്രി, രാജ്യസഭയിലെ സഭാ നേതാവ് എന്നീ ഉത്തരവാദിത്തങ്ങളും നഡ്ഡയ്ക്ക് ഉള്ളതിനാൽ വർക്കിങ്ങ് പ്രസിഡൻ്റിനെ നിയമിക്കുന്ന കാര്യം പാർട്ടി ആലോചിക്കുന്നുണ്ട്. 2024 ജനുവരിയിൽ പാർട്ടി അധ്യക്ഷസ്ഥാനത്ത് രണ്ടു ടേം പൂർത്തിയാക്കിയ നഡ്ഡക്ക് ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കാലാവധി നീട്ടി നൽകിയത്.