ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടുന്ന ടീമിനെ നിയോഗിക്കുമെന്ന് രാഹുല്‍ ഗാന്ധി. അഹമ്മദാബാദിലെ പാര്‍ട്ടി ഓഫിസ് ആക്രമിച്ചതിലെ സംഘര്‍ഷത്തില്‍ കസ്റ്റഡിയിലായ കോണ്‍ഗ്രസ് പ്രവര്‍ത്തരെയും ഗെയിമിങ് സെന്‍റര്‍ ദുരന്തത്തിലെ ഇരകളെയും രാഹുല്‍ കണ്ടു. സന്ദര്‍ശനത്തിന് എതിരെ ബജ്‌റംഗ്‌ദള്‍ പ്രതിഷേധിച്ചു.
സംസ്ഥാനത്ത് പാര്‍ട്ടി ഓഫിസ് തകര്‍ത്തവരുടെ ഭരണത്തെയും വൈകാതെ ജനങ്ങള്‍ തകര്‍ക്കുമെന്ന് മോദിയുടെ തട്ടകത്തില്‍ രാഹുലിന്‍റെ മുന്നറിയിപ്പ്. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്നോട്ടുപോയി. 2022ല്‍ നിന്നും വ്യത്യസ്തമായി അടുത്ത തവണ ഭരണം പിടിക്കാന്‍ സംഘടയെ ശക്തിപ്പെടുത്തും. താനും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടുന്ന ടീം നേരിട്ടിറങ്ങുമെന്നും രാഹുല്‍ ഗാന്ധി.
അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മല്‍സരിക്കാതെ മോദി പിന്‍മാറിയത് പരാജയഭീതികൊണ്ടെന്നും രാഹുല്‍ ആവര്‍ത്തിച്ചു. രാഹുലിന്‍റെ ഹിന്ദു പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച അഹമ്മദാബാദിലെ പാര്‍ട്ടി ഓഫിസില്‍ രാഹുലെത്തി. ഇതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കസ്റ്റഡിയിലായ പ്രവര്‍ത്തകരുടെ ബന്ധുക്കളെ രാഹുല്‍ കണ്ടു. രാജ്കോട്ട് ഗെയിമിങ് സെന്‍റര്‍ ദുരന്തം, മോര്‍ബി പാലം അപകടം, വഡോദര ബോട്ട് അപകടം, തക്ഷശില തീപിടിത്തം എന്നിവയ്ക്ക് ഇരയായവരെയും രാഹുല്‍ സന്ദര്‍ശിച്ചു. അഹമ്മദാബാദില്‍ രാഹുലിനെതിരെ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.