arvind-limbavali

TOPICS COVERED

കർണാടകയിൽ പ്രതിപക്ഷമെന്ന നിലയിൽ ബിജെപി പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ അരവിന്ദ് ലിംബാവലി. എംഎൽഎയും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്രയും നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോകയും തമ്മിൽ യോജിപ്പും ധാരണയും ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

മൈസൂർ അർബൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (മുഡ) കുംഭകോണം, വാൽമീകി വികസന കോർപ്പറേഷൻ അഴിമതി, എസ്‌സി-എസ്‌ടിക്ക് സംവരണം ചെയ്ത ഗ്രാൻറുകൾ  കര്‍ണാടക സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ഈ വിഷയങ്ങൾ ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷ നേതാക്കള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലെ ചിലര്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടോ എന്നുവരെ ആളുകള്‍ ചിന്തിക്കുന്നെണ്ടെന്നും ലിംബാവലി പറഞ്ഞു.

നിയമസഭയുടെ വർഷകാല സമ്മേളനത്തില്‍ സ്ഥാന സർക്കാരിന്‍റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളുടെ ശബ്ദമാകേണ്ടിയിരുന്ന ബി.ജെ.പി പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ അത് ചെയ്യുന്നതിൽ പൂർണമായും പരാജയപ്പെട്ടു. സർക്കാരിന്‍റെ അഴിമതികളും കെടുകാര്യസ്ഥതയും സഭയിലെ പരാജയങ്ങളും ഉയർത്തിക്കാട്ടാൻ ബിജെപിക്ക് അവസരം ലഭിച്ചെങ്കിലും ഈ അവസരം മുതലെടുക്കുന്നതിൽ ഞങ്ങളുടെ നേതാക്കൾ പൂർണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ജില്ലകളിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു, സംസ്ഥാനത്തെ പല ജില്ലകളിലും മഴയും വെള്ളപ്പൊക്കവും കാരണം ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെട്ടു.  ഇതിലേക്ക് വെളിച്ചം വീശണമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതങ്ങളെ പ്രതിനിധീകരിക്കണമെന്നും പാർട്ടി നേതാക്കൾക്ക് തോന്നിയില്ല എന്നത് ഖേദകരമാണെന്നും ലിംബാവലി പറഞ്ഞു.

സഭയിലെ അവസരവും സമയവും വേണ്ടവിധം വിനിയോഗിക്കാതെ, സെഷൻ മുഴുവൻ വെറുതെ വിനിയോഗിക്കുകയും ഒരു ദിവസം ബാക്കി നിൽക്കെ സഭാനടപടികൾ വെട്ടിച്ചുരുക്കാൻ ഭരണകക്ഷിയുമായി കൈകോർക്കുകയും ചെയ്ത പാർട്ടി നേതാക്കളുടെ നടപടി സംശയാസ്പദമാണ്. വളരെ കുറഞ്ഞ സീറ്റുകൾ ഉണ്ടായിരുന്നിട്ടും ഒരു കാലത്ത് സെഷനുകളിൽ ജനങ്ങള്‍ക്കായി സംസാരിച്ച ഞങ്ങളുടെ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ആശങ്കയും നിരാശയും ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ മഹാദേവപുര നിയമസഭാ സീറ്റിലേക്ക് പാർട്ടി അരവിന്ദ് ലിംബാവലിക്ക് സീറ്റ് നിഷേധിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ മഞ്ജുള അരവിന്ദ് ലിംബാവലിക്ക് പാർട്ടി സീറ്റ് നൽകിയിരുന്നു, അവർ 44,501 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു.

ENGLISH SUMMARY:

BJP leader and former minister Arvind Limbavali said that the BJP has completely failed as an opposition in Karnataka