രാജ്യത്തെ ജനങ്ങളെ സര്‍ക്കാര്‍ ചക്രവ്യൂഹത്തില്‍ കുരുക്കിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍. ഈ ചക്രവ്യൂഹം പ്രതിപക്ഷം ഭേദിക്കും. ജാതിസെന്‍സസും മിനിമം താങ്ങുവിലയും നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രസംഗത്തിനിടെ പലതവണ ഭരണ– പ്രതിപക്ഷ വാക്പോരുണ്ടായി.
രാജ്യത്തെ ജനങ്ങളെ ചക്രവ്യൂഹത്തില്‍ കുരുക്കുകയാണ് എന്‍ഡിഎ സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് നരേന്ദ്ര മോദി, അമിത് ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അദാനി, അംബാനി എന്നിവരാണെന്നും രാഹുല്‍. സഭയിലില്ലാത്തവരുടെ പേരുപറയരുതെന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ അദാനിയെയും അംബാനിയെയും എ1, എ2 എന്ന് വിളിക്കാമെന്ന് പരിഹാസം.
പിന്നോക്ക വിഭാഗക്കാരെയും കര്‍ഷകരെയും ബജറ്റ് അവഗണിച്ചു. പ്രധാനമന്ത്രിക്ക് കയ്യടിച്ചിരുന്ന മധ്യവര്‍ഗത്തെ മുന്നില്‍നിന്നും പിന്നില്‍നിന്നും കുത്തി. രാജ്യത്ത് നികുതി ഭീകരതയാണ്. മിനിമം താങ്ങുവിലയും ജാതിസെന്‍സസും ഉറപ്പാക്കുമെന്നും രാഹുല്‍. പ്രസംഗത്തിനിടെ പാര്‌ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇടപെട്ടപ്പോള്‍ ബഹളമായി. സ്പീക്കര്‍ പ്രതിപക്ഷത്തെ ശകാരിച്ചു.