ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോകൾ പുറത്തായതിന് പിന്നില്‍ ബിജെപി കർണാടക സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയാണെന്ന് പാര്‍ട്ടി എംഎൽഎ ബസനഗൗഡ പാട്ടീല്‍ യത്നാൽ . വിഭാഗീയതയില്‍ വീര്‍പ്പുമുട്ടുന്ന ബിജെപി കര്‍ണാടകഘടകത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പ്രജ്വലിനെതിരായ പെൻഡ്രൈവുകൾ പുറത്തുവിടാൻ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉത്തരവിട്ടെന്നാണ് ആരോപണം.
വിജയേന്ദ്രയുടെ നിർദേശപ്രകാരമാണ് പെൻഡ്രൈവുകൾ പുറത്തെത്തിയതെന്നും ധൈര്യമുണ്ടെങ്കിൽ എത്ര പേർക്ക് പെൻഡ്രൈവ് നല്‍കിയെന്ന് വെളിപ്പെടുത്തണമെന്നും ബസനഗൗഡ പാട്ടീൽ വെല്ലുവിളിച്ചു. ബി.ജെ.പി ഭാരവാഹികളിൽ പലരും പല പ്രമുഖരുടെയും അശ്ലീല വീഡിയോകൾ കൈവശം വച്ചിരിക്കുകയാണെന്നും അത് സ്വന്തം എംഎൽഎമാരെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുകയാണെന്നും യത്നാൽ ആരോപിച്ചു.
വിജയേന്ദ്രയ്‌ക്കെതിരായ ആരോപണങ്ങൾ കർണാടക ബിജെപിക്കുള്ളിലെ വിഭാഗിയതയെ തുറന്നുകാട്ടുന്നുണ്ട്. നിരവധി മുതിർന്ന നേതാക്കളുടെ അഭിപ്രായത്തെ അവഗണിച്ച് യെദ്യൂരപ്പയുടെ ഇളയ മകനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത് മുതൽ ഈ ഭിന്നത മറനീക്കി പുറത്ത് വരുന്നുണ്ട്.
ലൈംഗികാതിക്രമ കേസിന് പിന്നാലെ ഹാസൻ മണ്ഡലത്തിൽ പ്രജ്വൽ രേവണ്ണ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ശ്രേയസ് എം പട്ടേലിനോട് 30,526 വോട്ടിനാണ് പ്രജ്വലിന്‍റെ തോല്‍വി. ഹാസനിലെ വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ട വീഡിയോകള്‍ പുറത്തുവന്നത്. നാനൂറോളം സ്ത്രീകളെ ലൈംഗികാതിക്രമത്തിനു വിധേയരാക്കി മൂവായിരത്തോളം വീഡിയോകള്‍ പ്രജ്വല്‍ ചിത്രീകരിച്ചെന്നാണ് കേസ്. സ്വന്തം വീട്ടിലെ ജോലിക്കാരിയായ സ്ത്രീ ഉള്‍പ്പടെ മൂന്നു അതിജീവിതരാണ് പ്രജ്വലിനെതിരെ പരാതി നല്‍കിയത്.